ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങള്‍; സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത

തിരുവനന്തപുരം-സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ െ്രെപവറ്റ് സെക്രട്ടറിയും ഐടി സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കറിനെ സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്യാന്‍ സാധ്യത.സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ശിവശങ്കറിന്റെ മൊഴിയെടുക്കുമെന്നാണു ലഭിക്കുന്ന സൂചന. കേസിലെ പ്രതികളായ സ്വപ്ന, സന്ദീപ്, സരിത് എന്നിവരുമായി ശിവശങ്കറിന് അടുത്ത ബന്ധമുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറി, ഐടി സെക്രട്ടറി പദവികളില്‍ നിന്നും ശിവശങ്കറിനെ മാറ്റിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഒരു വര്‍ഷത്തെ അവധിക്കും അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ശിവശങ്കറിനെതിരെ കൂടുതല്‍ തെളിവുകള്‍ വന്നതോടെ ഇദ്ദേഹത്തെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുന്നത് അടക്കമുള്ള കര്‍ശന നടപടികളിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണെന്നാണ് സൂചന.
കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു സമീപമുള്ള ശിവശങ്കറിന്റെ ഫഌറ്റിലും നെടുമങ്ങാടുള്ള സന്ദീപിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തി. ശിവശങ്കര്‍ താമസിച്ചിരുന്ന ഫഌറ്റില്‍ കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ എത്തി കരിഓയില്‍ ഒഴിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ വസതിക്കു സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.  വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ശിവശങ്കറിന്റെ സ്വാധീനം പ്രതികള്‍ ഉപയോഗിച്ചതായി കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.
 

Latest News