ദോഹ- കോവിഡ് സാമൂഹ്യ വ്യാപനത്തെ തുടർന്ന് ലോക്ഡൗണിലാകുകയും രോഗവും ആവശ്യ സാധനങ്ങളുടെ ദൗർലഭ്യവും മൂലം ബുദ്ധിമുട്ടിലായ പൂന്തുറയിലെ പാവപ്പെട്ട ജനതക്ക് കൾച്ചറൽ ഫോറം തിരുവനന്തപുരം ജില്ല കമ്മിറ്റി അടിയന്തര സഹായം ലഭ്യമാക്കി. സ്ഥലത്തെ സ്ഥിതിഗതികൾ അറിഞ്ഞയുടൻ അടിയന്തര യോഗം കൂടുകയും 150ഓളം കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റുകൾ ഏർപ്പെടുത്തുകയും ചെയ്തു. രോഗികൾക്കായി പ്രദേശത്തുള്ള ഏതെങ്കിലും വലിയ കെട്ടിടങ്ങൾ താൽക്കാലിക ആശുപത്രികൾ ആക്കണമെന്നും അവിടേയ്ക്ക് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ആംബുലൻസും അടങ്ങുന്ന സേവന സംഘത്തെയും സർക്കാർ ഉറപ്പു വരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രദേശത്ത് കൂടുതൽ ടെസ്റ്റുകൾ നടത്തുകയും, ജനങ്ങൾക്ക് അവശ്യ സാധങ്ങളുടെ ലഭ്യത ഉറപ്പു വരുത്തുകയും ചെയ്യേണ്ടത് സർക്കാറിന്റെ ബാധ്യതയാണ്. ലോക്ഡൗണിൽ അകപ്പെട്ട പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യ കിറ്റു വിതരണവും, സർക്കാർ മാനദണ്ഡങ്ങൾ മാനിച്ച് 50 ശതമാനം ഹോട്ടലുകൾ വഴിയെങ്കിലും പാർസൽ സൗകര്യവും ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും ജില്ലാ നേതൃത്വം അഭിപ്രായപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് അബ്ദുൽ അസീം, വൈസ് പ്രസിഡന്റ് ഷൈൻ ബാലകൃഷ്ണൻ, ജനറൽ സെക്രട്ടറി റിയാസ് മാഹീൻ, കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം, തൻസീൽ, അനസ് എന്നിവരും കൾചറൽ ഫോറം സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ സുന്ദരൻ, താസീൻ അമീൻ എന്നിവരും സംസാരിച്ചു.