ജിദ്ദ- സി.ബി.എസ്.ഇ സിലബസിൽ നിന്ന് സാമൂഹിക പ്രസക്തവും ചരിത്രപരവുമായ പാഠഭാഗങ്ങൾ നീക്കം ചെയ്യാനുള്ള കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ നടപടി സംഘ്പരിവാർ അജണ്ടയുടെ ഭാഗമാണെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ സെൻട്രൽ കമ്മിറ്റി ആരോപിച്ചു. ദേശീയത, പൗരത്വം, ഫെഡറലിസം, മതേതരത്വം തുടങ്ങി ഇന്ത്യ മഹാരാജ്യത്തിന്റെ സാമൂഹിക ചരിത്രത്തിൽ ഒഴിച്ചു കൂടാനാകാത്തതും ജനങ്ങളിൽ പൗരബോധം വളർത്തുന്നതുമായ പാഠ്യഭാഗങ്ങളാണ് വരും തലമുറയ്ക്ക് കാണാൻപോലും കിട്ടാത്ത വിധം നീക്കം ചെയ്തിട്ടുള്ളത്. സാമൂഹിക വൈജാത്യങ്ങളുടെ കലവറയായ ഇന്ത്യയിൽ വിവിധ മതങ്ങളും ജാതികളും സംസ്‌കാരങ്ങളും കലകളും ഇടകലർന്നു കഴിയുന്നതിനെ പ്രോൽസാഹിപ്പിക്കുന്ന വിഷയങ്ങൾ പാഠ്യ പദ്ധതിയിൽ നിന്നും നീക്കാനുള്ള സംഘ പരിവാറിന്റെ കുടില തന്ത്രങ്ങൾ ദശാബ്ദങ്ങളായി തുടർന്ന് വരികയാണ്.
ദേശീയപ്രസ്ഥാനവും തുടർന്ന് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രവും രാജ്യത്തെ മതങ്ങൾ, ജാതിവ്യവസ്ഥ, രാഷ്ട്രീയ മുന്നേറ്റങ്ങൾ, സ്ത്രീ പുരുഷ സമത്വം, നാനാത്വം, സാമൂഹിക വൈജാത്യങ്ങൾ തുടങ്ങിയ വിഷയങ്ങളും സംസ്‌കാരികമായി നാം നേടിയ സകലതും തമസ്‌കരിച്ച് സമൂഹത്തിന്റെ ഉയർച്ചക്കും വളർച്ചക്കും വഴിവെച്ച എല്ലാം കുഴിച്ചു മൂടാനുള്ള പുറപ്പാടിലാണ് കേന്ദ്ര സർക്കാർ. കൊറോണ ഭീതി മൂലം ഇന്ത്യയടക്കം ലോകരാജ്യങ്ങൾ മനുഷ്യ ജീവൻ നിലനിർത്താൻ പാടുപെടുന്ന സമയത്ത് തന്നെ രാജ്യത്തെ സംസ്‌കൃതിയെ തകർത്ത് വിദ്യാഭ്യാസ മേഖല പൂർണമായി ഹിന്ദുത്വവൽക്കരിക്കാനുള്ള ശ്രമമാണ് ഫാസിസ്റ്റ് സർക്കാർ നടത്തുന്നത്. ദശാബ്ദങ്ങളായി തുടരുന്ന സംഘ്പരിവാർ ഗൂഢാലോചന അങ്ങേയറ്റം നികൃഷ്ടമാണെന്നതിന്റെ തെളിവാണിതെന്നും യോഗം ആരോപിച്ചു.
ഇതിനെതിരെ പ്രതിപക്ഷ പാർട്ടികളും പൊതുസമൂഹവും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ മനുഷ്യ ജീവന് വിലകൽപ്പിക്കാതെയുള്ള അടിച്ചമർത്തലിലൂടെ ആധിപത്യം തുടരുന്ന സംഘ്പരിവാറിന്റെ കിരാത വാഴ്ചക്ക് പൗരൻമാർ വിധേയരാകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പു നൽകി. ഓൺലൈൻ മീറ്റിംഗിൽ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഇ.എം.അബ്ദുല്ല, ജനറൽ സെക്രട്ടറി അലി കോയ ചാലിയം, അബ്ദുൽ ഗനി മലപ്പുറം, മുജാഹിദ് പാഷ ബംഗളൂർ, റാഫി മാംഗ്ലൂർ, സയ്യിദ് കലന്ദർ, അൽ അമാൻ നാഗർകോവിൽ, നാസർ ഖാൻ, ഹംസ കരുളായി, ഹനീഫ കിഴിശ്ശേരി തുടങ്ങിയവർ സംബന്ധിച്ചു.