Sorry, you need to enable JavaScript to visit this website.

ഒ.ഐ.സി.സി ഹെൽപ് സെല്ലിന്റെ ഇടപെടൽ  ഫലം കണ്ടു; ഷിജുവും മുസ്തഫയും നാടണഞ്ഞു 

ഒ.ഐ.സി.സി നേതാക്കൾ യാത്രാ രേഖകളും പി.പി.ഇ കിറ്റും കൈമാറുന്നു.

ജിദ്ദ - ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി കോവിഡ്-19 ഹെൽപ് സെല്ലിന്റെ  ഇടപെടൽ ഫലം കണ്ടു. ഷിജുവും മുസ്തഫയും നാടണഞ്ഞു. നാല് വർഷമായി  ജിദ്ദയിലെ ഒരു പ്രമുഖ സോഫ്റ്റ് ഡ്രിങ്ക്‌സ് കമ്പനിയിൽ ജോലി ചെയ്യുന്ന  എറണാകുളം നോർത്ത് പറവൂർ സ്വദേശി ഷിജു ആന്റണിയും മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുസ്തഫയും ആണ് തങ്ങളുടെ ദുരിത കഥകളുമായി തബൂക്കിലുള്ള  ഒ.ഐ.സി.സി പ്രതിനിധി എ.ടി മുജീബ് കരുവാരകുണ്ട് വഴി ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ഹെല്പപ് സെൽ ജിദ്ദ ചാപ്റ്ററിന്റെ സഹായം തേടിയത്.  


കമ്പനി പ്രതിസന്ധിയിലായപ്പോൾ എക്‌സിറ്റ് അടിച്ച് ആറു മാസത്തോളമായി  നാട്ടിലേക്ക് പോകാൻ കഴിയാതെ, ഭക്ഷണത്തിനു പോലും വകയില്ലാതെ  കഴിയുകയായിരുന്നു ഇരുവരും. പ്രശ്‌നത്തിൽ ഇടപെട്ട ഒ.ഐ.സി.സി നാഷണൽ കമ്മിറ്റി ഹെൽപ് സെൽ ജിദ്ദ കോ-ഓർഡിനേറ്റർ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി ഭക്ഷണവും മറ്റുമുള്ള അടിയന്തര സഹായങ്ങൾ എത്തിക്കുകയും മാനസികമായി തളർന്ന അവരെ സമാധാനിപ്പിക്കുകയും ചെയ്തു. പ്രശ്‌നം ഇന്ത്യൻ കോൺസുലേറ്റിന്റെ ശ്രദ്ധയിൽ പെടുത്തുകയും വന്ദേഭാരത് മിഷൻ വിമാനത്തിൽ നാട്ടിലെക്ക് അയക്കുവാൻ വേണ്ട ഇടപെടൽ ആവശ്യപ്പെടുകയും ചെയ്തു. കൊമേഴ്‌സ്യൽ കോൺസുലാർ ഹംന മറിയത്തിന്റെ അവസരോചിത ഇടപെടൽ കൊണ്ട് എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കുള്ള അവസരവുമൊരുങ്ങി. 
ടിക്കറ്റ് എടുത്തു നൽകുവാൻ തയാറാവാത്ത കമ്പനിയുമായി നിരന്തരം ബന്ധപ്പെട്ടു കൊണ്ട് ടിക്കറ്റ് എടുപ്പിക്കുകയും ചെയ്തു. വിമാന യാത്രക്ക് ആവശ്യമായ പി.പി.ഇ  കിറ്റ് മലപ്പുറം ജില്ലാ ഒ.ഐ.സി.സി കമ്മിറ്റിയും സൗജന്യമായി നൽകി. 


മറ്റു സഹായങ്ങളുമായി യൂത്ത് കെയർ ജിദ്ദ പ്രവർത്തകരും കൂടെ നിന്നു. അങ്ങനെ ദുരിതപർവങ്ങൾ അവസാനിപ്പിച്ച് ഇരുവരും നാടണഞ്ഞു. 
ഭക്ഷണമില്ലാതെ ദിവസങ്ങളോളം പട്ടിണി കിടക്കേണ്ടി വന്ന ഇവർക്ക് എല്ലാ വിധ സഹായങ്ങളുമായി നാടണയുന്നത് വരെ കൂടെ നിന്ന ഒ.ഐ.സി.സി സൗദി നാഷണൽ  കമ്മറ്റി ഹെൽപ് സെൽ അംഗങ്ങളോടും ജിദ്ദ യൂത്ത് കെയർ, മലപ്പുറം ജില്ലാ ഒ.ഐ.സി.സി കമ്മിറ്റി ജിദ്ദ അംഗങ്ങളോടും നിറകണ്ണുകളോടെ നന്ദി പറഞ്ഞാണ് ഇരുവരും യാത്രയായത്. യാത്രാ ടിക്കറ്റുകളും പി.പി.ഇ കിറ്റുകളും ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് ഒ.ഐ.സി.സി സൗദി നാഷണൽ കമ്മിറ്റി ഹെൽപ് സെൽ കോ-ഓഡിനേറ്റർ കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, ഹെൽപ് സെൽ അംഗം ഇസ്മായിൽ കൂരിപ്പൊയിൽ, ഒ.ഐ.സി.സി മലപ്പുറം ജില്ലാ ഹെൽപ് ഡെസ്‌ക് ചെയർമാൻ ഫിറോസ് ചെറുകോട്, കൺവീനർ ഹസ്‌കർ കാളികാവ് എന്നിവർ ചേർന്ന് കൈമാറി.

 

 

Latest News