പൂന്തുറയില്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം; ആരോഗ്യപ്രവര്‍ത്തകരെ തടഞ്ഞു

തിരുവനന്തപുരം- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ പൂന്തുറയില്‍ നാട്ടുകാര്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് കൂട്ടമായി പുറത്തിറങ്ങി. പരിശോധിക്കാനെത്തിയ ആരോഗ്യപ്രവര്‍ത്തകരെ തടയുകയും നൂറുകണക്കിനാളുകള്‍ മാസ്‌ക് പോലും ധരിക്കാതെ കൂട്ടത്തോടെ തെരുവിലിറങ്ങുകയും ചെയ്തുവെന്നാണ് വിവരം.

അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോലും പോലിസ് സമ്മതിക്കുന്നില്ലെന്ന ആരോപണം ഉന്നയിച്ചാണ് ആളുകള്‍ പ്രതിഷേധിച്ചത്. പൂന്തുറയില്‍ ഒരു ലക്ഷം മാസ്‌കുകള്‍ വിതരണം ചെയ്തതായി സര്‍ക്കാര്‍ അവകാശപ്പെടുന്നതിനെയും നാട്ടുകാര്‍ ചോദ്യം ചെയ്തു. തങ്ങള്‍ക്ക് മാസ്‌ക് ലഭിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

നേരത്തെ ചെറിയ കൂട്ടങ്ങളായി ആളുകള്‍ നിന്നപ്പോള്‍ പോലിസ് എത്തി പിരിച്ചുവിട്ടിരുന്നു. ഇത് നേരിയ സംഘര്‍ഷത്തിലേക്ക് നയിച്ചിരുന്നു. കൂടാതെ ജനസാന്ദ്രത കൂടിയ പ്രദേശമായതിനാല്‍ അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവരെ പോലിസുകാര്‍ തിരിച്ച് വീട്ടിലേക്ക് തന്നെ അയക്കുകയാണ്. ഇതൊക്കെയാണ് പ്രശ്‌നത്തിന് കാരണം. പൂന്തുറയിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ദ്രുതകര്‍മ സേനയെ വിന്യസിപ്പിച്ചിട്ടുണ്ട്. പൂന്തുറയില്‍ അഞ്ഞൂറ് പേരുടെ സാമ്പിളുകള്‍ പരിശോധിച്ചവയില്‍ 115 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. സമൂഹവ്യാപന സാധ്യതയുള്ളതിനാലാണ് പൂന്തുറയില്‍ സര്‍ക്കാര്‍ കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
 

Latest News