തിരുവനന്തപുരം- മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന് അതീതമായിരിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സംഭവം ഗൗരവകരമാണ്.
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർന്ന ആരോപണം സംബന്ധിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കാനം. കേന്ദ്ര ഏജൻസികൾ ഇക്കാര്യത്തിൽ അന്വേഷണം നടത്തി കണ്ടുപിടിക്കണം. പിണറായിയെ കൈവിട്ടും പരിഹസിച്ചുമായിരുന്നു സി.പി.ഐ സെക്രട്ടറിയുടെ മറുപടി.
സ്പ്രിംഗ്ലർ ഇടപാടിൽ ഐ.ടി സെക്രട്ടറിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ആരോപിതനായ വ്യക്തിയെ ഇപ്പോൾ സ്ഥാനത്തു നിന്ന് മാറ്റിയിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ട് പല നിയമനങ്ങളെ സംബന്ധിച്ചും ആക്ഷേപം ഉയരുന്നുണ്ട്. അത്തരം നിയമനങ്ങളെല്ലാം സുതാര്യമായി നടത്തണം എന്നു തന്നെയാണ് സി.പി.ഐയുടെ നിലപാട്.
മുഖ്യമന്ത്രി ഒരു നിമിഷം പഴയ പാർട്ടി സെക്രട്ടറിയായിപ്പോയതു കൊണ്ടായിരിക്കും ഔദ്യോഗിക വാർത്താ സമ്മേളനത്തിൽ 1965 ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് പറഞ്ഞതെന്ന് കാനം പരിഹസിച്ചു. ഇടതു പക്ഷത്തിന്റെ തെരഞ്ഞെടുപ്പ് ധാരണകൾ സംബന്ധിച്ച് 1965 ലെ ചരിത്രം ഒന്നുകൂടി വായിക്കണമെന്നാണ് താൻ കോടിയേരിയോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രി പിണറായി ഔദ്യോഗിക പത്രസമ്മേളനത്തിൽ അതിന് മറുപടി പറഞ്ഞു. അതിന്റെ ആവശ്യമില്ലായിരുന്നു. 1965 ലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് ഞങ്ങൾ പറഞ്ഞത് ചരിത്രമാണ്. ഇ.എം.എസിന്റെ സമ്പൂർണ കൃതികൾ പരിശോധിച്ചാൽ ഇത് ശരിവെക്കും. അന്ന് സി.പി.എം ഒറ്റയ്ക്കല്ല മത്സരിച്ചത്. 29 സീറ്റുകളിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുമായി ധാരണയുണ്ടായിരുന്നു. സ്വതന്ത്രന്മാരും ലീഗുമായി ചേർന്നും മത്സരിച്ചു. അതിൽ അഞ്ചു പേർ തിരികെ ലീഗിൽ പോയി. ഇതൊക്കെ ചരിത്രമാണെന്നും കാനം പറഞ്ഞു.