കോട്ടയം - മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് യുവ ഐ.എ.എസുകാരൻ കൊലപ്പെടുത്തിയ സംഭവത്തിന് ഒരാണ്ട് തികയുമ്പോൾ ഉയർന്ന വിവാദത്തിലും തെളിയുന്നത് തലസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ വഴിവിട്ട ബന്ധങ്ങളും നിശാ പാർട്ടികളും. മാധ്യമ പ്രവർത്തകന്റെ കൊലക്കേസ് അന്വേഷണത്തിലെ നിർണായക തെളിവാകുമായിരുന്ന രക്ത പരിശോധന ഒഴിവാക്കിയത് ഉന്നത ഇടപെടലായിരുന്നു. ഭരണകൂടത്തിന്റെ സാരഥികളുടെ ഇച്ഛാശക്തിക്കു മുകളിൽ പറന്ന ഈ ഇടപെടലുകൾ പുതിയ കേസിനും തുമ്പില്ലാതാക്കുമോ എന്നാണ് കണ്ടറിയേണ്ടത്. തലസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുടെ രാത്രി പാർട്ടികൾ മുമ്പും വിവാദത്തിലായിട്ടുണ്ട്. ഭരണ യന്ത്രത്തിലെ അറിയാക്കഥകൾ കോറിയിട്ട മലയാറ്റൂരിന്റെ യന്ത്രത്തിലും ഇത്തരത്തിലുളള നിശാ പാർട്ടികളെക്കുറിച്ച് പരാമർശമുണ്ട്.
യുവ ഐ.എ.എസുകാരൻ ശ്രീറാം വെങ്കിട്ടരാമൻ അതിവേഗത്തിലോടിച്ച് നിയന്ത്രണം വിട്ട കാറാണ് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം ബഷീറിനെ ഇടിച്ചു വീഴ്ത്തിയത്. മദ്യപിച്ചിരുന്ന ശ്രീറാമിനൊപ്പം വഫ എന്ന സുഹൃത്തും വാഹനത്തിലുണ്ടായിരുന്നു. വഫയാണ് വാഹനം ഓടിച്ചതെന്നാണ് ആദ്യം ശ്രീറാം മൊഴി നൽകിയത്. എന്നാൽ പിന്നീട് ശ്രീറാമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
അപകടം വിതച്ച കാർ ഉപേക്ഷിച്ച് കടന്ന ശ്രീറാം സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിച്ചു. രക്ത പരിശോധന അങ്ങനെ ഒഴിവാകുകയും ചെയ്തു. ശ്രീറാമിനെ രക്ത പരിശോധനയ്ക്കു വിധേയനാക്കാത്തത് പോലീസ് വീഴ്ചയായി കോടതിയും നിരീക്ഷിച്ചിരുന്നു. തലസ്ഥാനത്തെ ഭരണ സിരാ കേന്ദ്രത്തിലെ ഉന്നത ഉദ്യോഗസ്ഥ ലോബിയാണ് ഐ.എ.എസ് ഉദ്യോഗസ്ഥനെ പോറൽ പോലും ഏൽപിക്കാതെ പോലീസ് നടപടിയിൽ നിന്നും അന്നു രക്ഷിച്ചതെന്ന് പരാതിയുണ്ടായിരുന്നു.
മാധ്യമ ലോകവും പത്രപ്രവർത്തക യൂനിയനും ഒറ്റക്കെട്ടായി രംഗത്തു വന്നിട്ടും ഉദ്യോഗസ്ഥ ലോബി കുലുങ്ങിയില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ശ്രീറാം വെങ്കിട്ടരാമനെ ഒന്നാം പ്രതിയാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചു. വഫ ഫിറോസ് രണ്ടാം പ്രതിയും. ഇതിനിടെ ശ്രീറാമിനെ സർവീസിൽ തിരികെ എടുത്തു. കേസിൽ ശ്രീറാമിന് തിരിച്ചുവരുന്നതിന് അനുകൂലമായി അന്വേഷണ ഉദ്യോഗസ്ഥനായ സഞ്ജയ് ഗാർഗ ഐ.എ.എസ് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് മാർച്ചിലാണ് ശ്രീറാമിന് ആരോഗ്യ വകുപ്പിൽ പുനർ നിയമനം ലഭിക്കുന്നത്.
സർവീസിൽ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് പത്രപ്രവർത്തക യൂനിയനുമായി ചർച്ച നടത്തിയില്ലെന്നത് അന്ന് വിവാദമായിരുന്നതാണ്.