തിരുവനന്തപുരം- സ്വർണക്കടത്ത് വിഷയത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള രാഷ്ട്രീയ സമരം ശക്തിപ്പെടുത്താൻ യു.ഡി.എഫ് നീക്കം. തിങ്കളാഴ്ച രാവിലെ 10 മണിക്ക് യു.ഡി.എഫിന്റെ അടിയന്തര യോഗം ഇക്കാര്യം ചർച്ച ചെയ്യാൻ തീരുമാനിച്ചു. ഈ യോഗത്തിൽ വെച്ചാവും യു.ഡി.എഫ് സമരത്തിന്റെ രൂപവും ഭാവവും തീരുമാനിക്കുക. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയുടെ അടിയന്തര യോഗം ഇന്ന് രാവിലെ 10 ന് ഓൺലൈൻ വഴി ചേരും.
സ്വർണ കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് തെളിഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവെച്ച് സി.ബി.ഐ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനമൊട്ടാകെ പഞ്ചായത്ത് തലത്തിൽ ഇന്നലെ യു.ഡിഎഫിന്റെ നേതൃത്വത്തിൽ ധർണ നടത്തി. ഇതിന്റെ തുടർച്ചയായുള്ള സമരങ്ങൾക്കാണ് യു.ഡി.എഫ് തിങ്കളാഴ്ച തീരുമാനമെടുക്കുക.
കേന്ദ്രം എൻ.ഐ.എ അന്വേഷണം പ്രഖ്യാപിച്ചതിനെ കോൺഗ്രസ് സ്വാഗതം ചെയ്തിട്ടുണ്ടെങ്കിലും കൂടുതൽ ഏജൻസികളെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന നിലപാടിൽ യു.ഡി.എഫ് ഉറച്ചു നിൽക്കും. അന്വേഷണ പരിധിയിൽ മുഖ്യമന്ത്രിയുടെ ഓഫീസിനെകൂടി കൊണ്ടുവരണമെന്നും യു.ഡി.എഫ് ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിച്ചാവും സമരം ശക്തിപ്പെടുത്തുക.
സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രൻ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയങ്ങൾക്ക് അതീതമായി നിൽക്കണമെന്ന് ആവശ്യപ്പെട്ടതും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യമന്ത്രിയുടെ ഓഫീസിനെക്കൂടി അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തുന്നതിനോട് യോജിച്ച് പ്രതികരിച്ചതും യു.ഡി.എഫിന് അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്. ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന സാഹചര്യങ്ങളുപയോഗിച്ച് കേരളാകോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനത്തിന് തടയിടാനും യു.ഡി.എഫ് നീക്കങ്ങൾ ശക്തമാക്കും. സി.പി.ഐയും സി.പി.എമ്മും തമ്മിലുയർന്നു വരുന്ന തർക്കങ്ങളെയും യു.ഡി.എഫ് ഈ ലക്ഷ്യത്തിനു വേണ്ടി മുതലാക്കും. കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ എൽ.ഡി.എഫിലെടുക്കുന്നതിനെ ശക്തമായി സി.പി.ഐ എതിർക്കുകയാണ്. സ്വർണക്കടത്ത് സംഭവത്തോടെ സി.പി.ഐകൂടുതൽ മുന്നണിയിൽ ശക്തിയാർജിക്കുകയാണ്.
സർക്കാരിനെതിരെ കിട്ടാവുന്ന എല്ലാ ആയുധവും ഉപയോഗിച്ച് പോരാടാനാണ് യു.ഡി.എഫ് തീരുമാനം.
മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അമേരിക്കയിൽ പൗരത്വമുള്ള ഒരു വനിതയെ പിൻവാതിലിലൂടെ കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ നിയമിച്ചിരിക്കുകയാണെന്നും ഇത് എങ്ങനെയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്നലെ ആവശ്യപ്പെട്ടു.
ഒരു ചട്ടവും പാലിക്കാതെയാണ് ഇവർക്ക് സീനിയർ ഫെലോ ആയി നിയമനം നൽകിയത്. ഇവർക്ക് സ്വന്തമായി അമേരിക്കയിൽ കമ്പനി ഉണ്ടെന്നാണ് വിവരം. അങ്ങനെയെങ്കിൽ കേരളത്തിലെ സ്റ്റാർട്ട്അപ്പ് കമ്പനികളുടെ താത്പര്യം എങ്ങനെ ഇവർക്ക് സംരക്ഷിക്കാൻ കഴിയും. എന്ത് അടിസ്ഥാനത്തിലാണ് ഇവരെ നിയമിച്ചത്. ഇതിനായി അപേക്ഷിച്ച മറ്റുള്ളവരെക്കാൾ എന്തു യോഗ്യതയാണ് ഇവർക്കുള്ളതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ചോദിച്ചു.
ഇത്തരത്തിൽ പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വേണ്ടി 100 ൽപരം നിയമനങ്ങളാണ് ഐ.ടി വകുപ്പു നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ അനധികൃത നിയമനങ്ങളെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണം. ആയിരക്കണക്കിനു യോഗ്യതയുള്ളവരെ തള്ളിക്കളഞ്ഞ് തങ്ങളുടെ ഇഷ്ടക്കാരെ ഐ.ടി വകുപ്പിനു കീഴിൽ പിൻവാതിലിലൂടെ വൻ ശമ്പളം നൽകിയാണ് നിയമിക്കുന്നത്. സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷിക്കുന്ന സ്വപ്‌ന പ്ലസ്ടു കാരിയാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇവരുടെ നിയമനങ്ങളിലെല്ലാം അന്താരാഷ്ട്ര കുത്തക കമ്പനിയായ പ്രൈസ് വാട്ടർ കൂപ്പറാണെന്നത് വളരെ ഗൗരവമുള്ള കാര്യമാണ്. പ്രൈസ് വാട്ടർ കൂപ്പർ സംസ്ഥാനത്തിന്റെ ഏറ്റവും പ്രിയപ്പെട്ട സ്ഥാപനമായതിൽ ദുരൂഹതയുണ്ട്. എന്തിനും ഏതിനും ഇപ്പോൾ പ്രൈസ് വാട്ടർ കൂപ്പറാണു സർക്കാരിനെ ഉപദേശിക്കുന്നത്. ഏത് ഇടപാടുകൾ പരിശോധിച്ചാലും പിന്നിൽ പ്രൈസ് വാട്ടർ കൂപ്പറാണ്. ഇവരോടുള്ള മുഖ്യമന്ത്രിയുടെ താത്പര്യമെന്താണെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വ്യക്തമാക്കണം.