തിരുവനന്തപുരം- മുഖ്യമന്ത്രിക്ക് കുരുക്ക് മുറുകുന്നു. സ്വപ്‌ന സുരേഷ് ക്ലിഫ് ഹൗസിലെ സന്ദർശകയാണെന്ന റിപ്പോർട്ട് വിവാദങ്ങൾക്ക് ശക്തി പകരുന്നതായി.
ഇതിനിടെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അമേരിക്കൻ പൗരത്വമുള്ള ഒരു വനിതയെ പിൻവാതിലിലൂടെ കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ നിയമിച്ചതും വിവാദമായിട്ടുണ്ട്.
തുടരെത്തുടരെയുള്ള ആരോപണങ്ങളിൽപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് വിവാദങ്ങളുടെ നടുവിലാണ്.
തനിക്ക് സ്വപ്‌ന സുരേഷിനെ അറിയില്ലെന്നും യാതൊരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ച് വ്യക്തമാക്കുന്നുണ്ടെങ്കിലും സ്വപ്‌ന സുരേഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ പരിപാടികളിൽ മുഖ്യമന്ത്രിയുടെ സാന്നിധ്യം പുറത്തു വന്നതോടെ ഇതുവരെ പറഞ്ഞതെല്ലാം തെറ്റാണെന്ന് തെളിഞ്ഞു. യു.എ.ഇ കോൺസുലേറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം, യു.എ.ഇ സ്ഥാനപതിക്ക് കേരളം നൽകിയ സ്വീകരണം, ഡോക്ടറേറ്റ് നൽകൽ, കോവളത്ത് നടന്ന കോൺക്ലേവ്, കുട്ടികൾക്ക് നൽകിയ ഈന്തപ്പഴ വിതരണ ചടങ്ങ് തുടങ്ങിയ പരിപാടികളിലെല്ലാം സ്വപ്‌ന സുരേഷ് പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി പങ്കെടുത്ത ഇത്രയധികം പരിപാടികളിൽ സ്വപ്‌ന സുരേഷ് നിറസാന്നിധ്യമായിരുന്നിട്ടും മുഖ്യമന്ത്രിക്കും ഉപദേശകർക്കും സ്വപ്‌നയെ അറിയില്ല എന്നത് ഇതോടെ ശരിയല്ലെന്ന് തെളിയിക്കുന്നു.
സ്വപ്‌ന സുരേഷ് ക്ലിഫ് ഹൗസിലെ സന്ദർശകയെന്നതും മുഖ്യമന്ത്രിക്ക് ഉത്തരം മുട്ടിക്കുന്നതായി.
യു.എ.ഇ കോൺസുലേറ്റിന്റെ പരിപാടികളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രിയെ ക്ഷണിക്കാൻ ക്ലിഫ് ഹൗസിൽ പോയിട്ടുള്ള സ്വപ്‌ന പിന്നാലെ വിവിധ ആവശ്യങ്ങൾക്കായി നിരവധി തവണ പോയിട്ടുണ്ടെന്നാണ് ആരോപണം. മുൻ ഐ.ടി സെക്രട്ടറിയുടെ സ്വാധീനം ഇതിന് ഉപയോഗിച്ചിട്ടുണ്ട്. സാധാരണ മുഖ്യമന്ത്രി പങ്കെടുക്കേണ്ട പരിപാടികളിൽ ഔദ്യോഗികമായി ക്ഷണിക്കേണ്ടത് സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ്. സംസ്ഥാനം നേരിട്ട് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാതെ കേന്ദ്രത്തിന് കത്ത് എഴുതിയതിലും ദുരൂഹത നിലനിൽക്കുന്നു. കേരളത്തിലേക്ക് കടത്തുന്ന സ്വർണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല മറ്റ് സംസ്ഥാനത്തേക്കും പോയിട്ടുണ്ടെന്നാണ് നിഗമനം. സംസ്ഥാന സർക്കാരിനു കിട്ടേണ്ട നല്ലൊരു ശതമാനം നികുതി ഇതിലൂടെ നഷ്ടമായിട്ടുണ്ട്. അതിനാൽ സംസ്ഥാന താൽപര്യം കൂടി കണക്കിലെടുത്ത് കേന്ദ്രത്തിന് കത്ത് എഴുതാതെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാത്തതെന്തെന്ന ചോദ്യവും ഉയരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രം എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്.
ഇതിനിടെ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി അമേരിക്കൻ പൗരത്വമുള്ള ഒരു വനിതയെ പിൻവാതിലിലൂടെ കേരള സ്റ്റാർട്ട് അപ്പ് മിഷനിൽ നിയമിച്ചത് വിവാദമായിട്ടുണ്ട്. ഒരു ചട്ടവും പാലിക്കാതെ സീനിയർ ഫെലോ ആയി നിയമനം നൽകി. സ്വന്തമായി അമേരിക്കയിൽ കമ്പനി ഉള്ള ഇവർ കേരളത്തിലെ സ്റ്റാർട്ട്അപ്പ് കമ്പനികളുടെ താത്പര്യം സംരക്ഷിക്കില്ലെന്നും നിയമനം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യം ഉയരുന്നുണ്ട്.