കണ്ണൂർ- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രയുടെ ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാനുളള തീരുമാനം ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ റദ്ദാക്കി. ഇന്ന് രാവിലെയാണ് യാത്രയിൽ പങ്കെടുക്കുന്നില്ലെന്ന് അമിത് ഷാ അറിയിച്ചത്. എന്നാൽ ഇന്നലെ രാത്രി തന്നെ ഇക്കാര്യം ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ന് പിണറായി വഴി കടന്ന് വരുന്ന യാത്രയിൽ ദേശീയ അധ്യക്ഷൻ അമിത്ഷാ പങ്കെടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ആദ്യദിവസത്തെ യാത്രയിൽ പങ്കെടുത്ത ശേഷമാണ് അമിത് ഷാ ഗോവ വഴി ദൽഹിയിലേക്ക് മടങ്ങിയത്. എന്തുകൊണ്ടാണ് അമിത് ഷാ യാത്ര റദ്ദാക്കിയത് എന്നത് സംബന്ധിച്ച് വ്യക്തതയില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമിത് ഷാ അടക്കമുളള ദേശീയ നേതാക്കൾ പങ്കെടുക്കുന്നതിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് തലശ്ശേരിയിലും പിണറായിയിലും ഒരുക്കിയത്.
ജില്ലാ പൊലിസ് ചീഫ് ശിവവിക്രം ,കോഴിക്കോട് ഡപ്യൂട്ടി കമ്മീഷണർ മെർലിൻ ജോസഫ് എന്നിവരുടെയും എട്ട് ഡി.വൈ.എസ്.പിമാരുടെയും നേതൃത്വത്തിൽ കെ.എ.പി, എം.എസ്.പി, എ.ആർ എന്നിവിടങ്ങളിൽ നിന്നുള്ള 800 പൊലിസുകാരെയാണ് ക്രമസമാധാനപാലത്തിന് നിയോഗിച്ചിട്ടുള്ളത.് തലശ്ശേരി പുതിയ ബസ്‌ററാന്റ് പരിസരത്ത് വൈകിട്ട് 5 മണിക്ക് നടക്കുന്ന പൊതുയോഗത്തിലും അമിത്ഷാ പങ്കെടുക്കുമെന്നായിരുന്നു അറിയിപ്പ്. മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്തുകൂടെയുള്ള ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത് ഷായുടെ കാൽനട യാത്ര ഏറെ പ്രാധാന്യത്തോടെയാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നത്.