Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്തുമായി ബന്ധമില്ല; ആത്മഹത്യമുനമ്പിലാണ്-സ്വപ്‌ന സുരേഷ്

കൊച്ചി- തനിക്ക് സ്വർണക്കടത്തിൽ പങ്കില്ലെന്നും ഭയംകൊണ്ടുമാണ് മാറിനിൽക്കുന്നത് എന്നും സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്‌ന സുരേഷ്.  ആത്മഹത്യാ ഭീഷണി മുഴക്കുന്ന ശബ്ദരേഖ എവിടെയെന്നു വ്യക്തമാക്കാതെയാണ് മാധ്യമങ്ങളിലൂടെ പുറത്തു വിട്ടിരിക്കുന്നത്. ജോലിയുടെ ഭാഗമായി ഒരുപാട് ഉയർന്ന ഉദ്യോഗസ്ഥർ മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ തുടങ്ങി എല്ലാവരുമായി ഇടപെട്ടിട്ടുണ്ടെന്നും അതെല്ലാം തികച്ചും ഔദ്യോഗികമാണെന്നും സ്വപ്‌ന പറയുന്നു. ബാഗേജ് വിട്ടു നൽകാൻ വിളിച്ചത് ഔദ്യോഗികമായാണെന്നും ഇവർ പറയുന്നു.

ഞാൻ സ്വപ്ന സുരേഷ് എന്ന് സ്വയം പരിചയപ്പെടുത്തി തുടങ്ങുന്ന ഓഡിയോയിൽ നേരത്തെ ചെയ്തിരുന്ന ജോലിയെക്കുറിച്ചും ഇപ്പോഴത്തെ ജോലിയെക്കുറിച്ചും എല്ലാം വിശദീകരിക്കുന്നുണ്ട്. 'മാധ്യമങ്ങളിൽ ഇപ്പോൾ താനൊരു കള്ളക്കടത്തുകാരിയും ക്രിമിനലുമായിട്ടുണ്ട്. എല്ലാവരോടും പറയാനുള്ളത് നയതന്ത്ര ബാഗേജിലൂടെ കള്ളക്കടത്തു നടത്തിയ ഒരു പ്രതി, ഉത്തരവാദിയായ ആളാണ് താനെന്നാണ് എല്ലാവരും പറയുന്നത്. ഞാനങ്ങനെ ചെയ്തിട്ടില്ല. ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണം വന്നതിൽ ഒരു പങ്കുമില്ല. യു.എ.ഇയിൽ നിന്നു വന്ന ബാഗേജ് ക്ലിയറാകാൻ താമസിച്ചപ്പോൾ കോൺസലിലെ ഡിപ്ലോമാറ്റ് കാർഗോ വന്നതിന്റെ അടുത്ത ദിവസം വിളിച്ച് എന്റെ കാർഗോ ഇതുവരെ വന്നില്ല, എന്താണ് ഇത്ര താമസം, ഒന്ന് അന്വേഷിക്കുമോ എന്ന് ചോദിച്ചു. അതനുസരിച്ചാണ് കസ്റ്റംസിലെ അസിസ്റ്റന്റ് കമ്മിഷണറെ വിളിക്കുന്നത്. അദ്ദേഹം അത് കൈകാര്യം ചെയ്യാം എന്ന് സമ്മതിക്കുകയും ചെയ്തു.
അവിടെ ജോലി ചെയ്യുന്ന സമയത്ത് കാർഗോ, ഫിനാൻസ് ഇത്തരം കാര്യങ്ങളിലൊന്നും ജോലി ചെയ്തിട്ടില്ല. കോൺസലറുടെ സെക്രട്ടറിയായാണ് ജോലി ചെയ്തത്. പഴ്‌സനൽ കാര്യങ്ങൾക്കായി ഒരിക്കലും ആരോടും സംസാരിച്ചിട്ടില്ല. ഇപ്പോൾ അവിടെ ഔദ്യോഗികമായി ജോലിക്കാരിയല്ല. കഴിഞ്ഞ ഞായറാഴ്ച വരെ അവിടെയുണ്ടായിരുന്ന ഒഴിപ്പിക്കൽ ഉൾപ്പടെ രഹസ്യ, ഭരണപരമായ കാര്യങ്ങളിലെല്ലാം ഇടപെടുകയും ആവശ്യപ്പെട്ട കാര്യങ്ങളിൽ സഹായിക്കുകയും ചെയ്തിട്ടുണ്ട്. സ്‌പേസ് പാർക്കിൽ കരാർ ജോലിക്കാരിയായി ഇരുന്ന് എന്തിനാണ് കോൺസുലേറ്റിലെ കാര്യങ്ങൾ ചെയ്യുന്നതെന്ന് ചോദിച്ചേക്കാം. ഞാൻ യു.എ.ഇയിൽ ജനിച്ചു വളർന്നതിന്റെ സ്‌നേഹം കൊണ്ടാണത്.

ഈ സംഭവത്തിൽ എന്റെ ആകെക്കൂടിയുള്ള ഇടപെടൽ അസി. കമ്മിഷണറെ വിളിച്ച് സംസാരിച്ചതാണ്. ഞാനെന്ന സ്ത്രീയെ ഫ്രെയിം ചെയ്ത് എന്നെ ഞാനല്ലാതെ ആക്കി ആത്മഹത്യയുടെ വക്കിലെത്തിച്ചത് ചിലർക്ക് തിരഞ്ഞെടുപ്പിൽ സ്വാധീനിക്കാനാണ്. ഇതിലുണ്ടാകുന്ന ദ്രോഹം എന്റെ കുടുംബത്തിലെ മൂന്നു പേർക്ക് മാത്രമാണ്. ഒരു സ്പീക്കറിനെയോ പറയുന്ന ഒരു ഉന്നതനെയൊ ആരെയും ബാധിക്കാൻ പോകുന്നില്ല. അറ്റ കൈക്ക് ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന് ഉത്തരവാദി നിങ്ങൾ ഓരോരുത്തരും ആയിരിക്കും.

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളുമായുള്ളവരുമായും സംസാരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുമായും ഉന്നത നേതാക്കളുമായും ബന്ധപ്പെട്ടത് ഔദ്യോഗികമായി മാത്രമാണ്. മുഖ്യമന്ത്രിയുടെയോ മന്ത്രിമാരുടെയോ വീടുകളിൽ പോയിട്ടില്ല. ഞാൻ മുഖ്യന്മാരുടെ കൂടെ ക്ലബ്ബുകളിൽ കയറിയിറങ്ങി എന്നു പറഞ്ഞാൽ ആരെയും ബാധിക്കില്ല. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുമില്ല. വിഷയം മാറി പോകേണ്ടതില്ല. സ്വർണക്കള്ളക്കടത്തിനു പിന്നിൽ ആരെന്ന് കണ്ടു പിടിക്കൂകയാണ് വേണ്ടതെന്നും സ്വപ്‌ന സുരേഷ് പറയുന്നു.

 

Latest News