മലപ്പുറം- സംസ്ഥാന സർക്കാർ സ്വർണക്കടത്തിന് കൂട്ടു നിന്നുവെന്നും ഭരിക്കാനുള്ള അവകാശം നഷ്ടപ്പെട്ടെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണക്കടത്തുമായി ബന്ധമില്ലെന്ന ന്യായീകരണം ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടില്ല. മുഖ്യമന്ത്രി രാജിവച്ച് അന്വേഷണം നടത്തി നിരപരാധിത്വം തെളിയിക്കണമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട യുഡിഎഫ് നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കടത്തു കേസിന്റെ പേരിൽ മാത്രം അടുത്ത തിരഞ്ഞെടുപ്പിൽ ജനം ഇടതുസർക്കാരിനെ തിരസ്‌കരിക്കും. വലിയ കാറുകളിൽ വരുന്നവർക്ക് എന്ത് കാര്യവും ചെയ്യാനുള്ള അനുവാദം നൽകുകയും പാവപ്പെട്ടവരെ മറക്കുകയും ചെയ്യുന്ന നിലപാടാണ് സർക്കാരിന്റേത്.