Sorry, you need to enable JavaScript to visit this website.

സ്വർണക്കടത്ത് പ്രതി ബി.ജെ.പി പ്രവർത്തകനെന്ന് സി.പി.എം

തിരുവനന്തപുരം- സ്വർണ്ണക്കടത്ത് കേസിലെ പ്രധാന പ്രതി സന്ദീപ് നായർ സി.പി.എം പ്രവർത്തകനല്ലെന്ന് ജില്ലാ കമ്മിറ്റി. ബി.ജെ.പി കൗൺസിലർ രമേശിന്റെ സ്റ്റാഫ് അംഗമാണ് സന്ദീപെന്നും സി.പി.എം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. സന്ദീപ് സി.പി.എം പ്രവർത്തകനാണെന്ന് ഇയാളുടെ അമ്മ അവകാശപ്പെട്ടിരുന്നു.
ജില്ലാ കമ്മിറ്റിയുടെ പ്രസ്താവന;
സ്വർണ്ണക്കടത്ത് കേസിൽ ഒളിവിൽ നിൽക്കുന്ന സന്ദീപ് നായർ സി.പി.ഐ (എം) പ്രവർത്തകനാണെന്ന പ്രചാരവേല കൊണ്ട് വരാൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം നടത്തുന്ന ശ്രമങ്ങൾ അങ്ങേയറ്റം അപലപനീയമാണ്. ഇയാൾ ബി.ജെ.പി യുടെ പ്രധാന പ്രവർത്തകനാണ്. ബി.ജെ.പി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡൻറും  കൗൺസിലറുമായ എസ്.കെ.പി രമേശിന്റെ സ്റ്റാഫാണ് സന്ദീപ്. ഇയാളുടെ ഫെയിസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാൽ അതിലെ പ്രൊഫൈൽ ചിത്രം തന്നെ ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നിൽകുന്ന ചിത്രമാണ്. എസ്.കെ.പി രമേശ് അടക്കമുള്ള ബി.ജെ.പി നേതാക്കന്മാർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുന്ന ബി.ജെ.പി യുടെ സജീവ പ്രവർത്തകനായ സന്ദീപിനെ സി.പി.ഐ(എം) പ്രവർത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താൻ ചില കേന്ദ്രങ്ങൾ ബോധപൂർവ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യർത്ഥിക്കുന്നുവെന്നും ജില്ലാ കമ്മിറ്റി പുറത്തിറക്കിയ വാർത്താകുറിപ്പിൽ അറിയിച്ചു.

 

Latest News