കൊച്ചി- സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ പിടികൂടാനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിക്കുമെന്ന് കസ്റ്റംസ് വകുപ്പ്. നാലുദിവസമായി സ്വപ്‌നക്കായി ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. തിരുവനന്തപുരത്തോ തമിഴ്‌നാട്ടിലോ ഇവര്‍ ഒളിവില്‍ കഴിയുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം കൊച്ചിയിലെ അഭിഭാഷകരെ സ്വപ്‌ന സുഹൃത്തുക്കള്‍ വഴി മുന്‍കൂര്‍ ജാമ്യത്തിന് സമീപിച്ചതായും വിവരമുണ്ട്.
ഈ സാഹചര്യത്തില്‍ അവര്‍ നാടുവിടാതിരിക്കാനായി ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനാണ് കസ്റ്റംസ് വകുപ്പിന്റെ തീരുമാനമെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്വപ്‌ന ഒളിവില്‍ പോകുന്നത് കാര്യങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ് ചെയ്യുകയെന്ന് പിടിഐ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം ഇന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത സൗമ്യയെ ചോദ്യം ചെയ്തു വരികയാണ്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. ഇവരുടെ ഭര്‍ത്താവും സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും സുഹൃത്തായ സന്ദീപിനായി ഉദ്യോഗസ്ഥര്‍ അന്വേഷണം വ്യാപിപ്പിച്ചു.