Sorry, you need to enable JavaScript to visit this website.

ഡിപ്ലോമാറ്റിക് സ്വര്‍ണക്കടത്ത്; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സമരമെന്ന് ചെന്നിത്തല

തിരുവനന്തപുരം- ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായി കരുതുന്ന സ്വപ്‌ന സുരേഷിനെ അറിയില്ലെന്ന മുഖ്യമന്ത്രിയുടെ വാദത്തില്‍ കഴമ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കള്ളക്കടത്ത് കേസിലെ പ്രതികളെ രക്ഷപ്പെടുത്താനാണ് മുഖ്യമന്ത്രിയുടെ ശ്രമം. പിണറായി വിജയന് കീഴിലുള്ള സയന്‍സ് ആന്റ് ടെക്‌നോളജി ഡിപ്പാര്‍ട്ട്‌മെന്റിലാണ് സ്വപ്ന ജോലി ചെയ്തത്. സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സ്‌പേസ് കോണ്‍ഫറന്‍സിന്റെ മുഖ്യ ആസൂത്രകയും അവരായിരുന്നു. ക്ഷണപത്രം അയച്ചത് അടക്കം പരിപാടിയുടെ മുഖ്യ ആസൂത്രകയായ സ്വപ്നയെ മുഖ്യമന്ത്രി അറിയില്ലെന്ന് പറയുന്നത് എങ്ങിനെയാണെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഓഫീസിനെ സിബിഐ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം.പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ചെന്നിത്തല പറഞ്ഞു. നാളെ യുഡിഎഫ് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കള്ളക്കടത്ത് കേസില്‍ പോലിസിന് വീഴ്ച പറ്റിയെന്നത് സ്വപ്നക്ക് എതിരായ കേസിന്റെ അന്വേഷണം വൈകിപ്പിക്കാനുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ശ്രമമാണെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
 

Latest News