കോട്ടയം- സ്വർണക്കടത്തും സ്വപ്‌ന വിവാദവും കേരള കോൺഗ്രസ് ചർച്ചകൾക്കും ഇടവേള നൽകി. ജോസ് കെ.മാണി വിഭാഗം ഇടതു മുന്നണിയിലേക്കെന്ന മാധ്യമ റിപ്പോർട്ടുകൾക്കിടെയാണ് തലസ്ഥാനത്തെ പുതിയ വിവാദത്തിന് തിരശ്ശീല ഉയർന്നത്. ഇതോടെ പുതിയ വിവാദത്തിനു പിന്നാലെയായി രാഷ്ട്രീയം. കേരള കോൺഗ്രസ് ജോസ് പക്ഷത്തിന് ഇതാശ്വാസത്തിന്റെ ദിനങ്ങൾ. ജോസ് പക്ഷത്തിന്റെ ഇടതു മുന്നണി പ്രവേശത്തെ നഖശിഖാന്തം എതിർത്ത സി.പി.ഐയും തൽക്കാലത്തേക്ക് അടങ്ങി. അതിനിടെ യു.പി.എ ഘടകകക്ഷിയായ ജോസ് വിഭാഗവുമായി കോൺഗ്രസ് ഹൈക്കമാന്റ് ആശയവിനിമയത്തിനു ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. രണ്ട് എം.പിമാരുള്ള ഘടക കക്ഷിയായതിനാൽ ഇക്കാര്യത്തിൽ ചർച്ചകളിലേക്ക് നേതൃത്വം നീങ്ങാനാണ് സാധ്യത. യു.പി.എ ഘടകകക്ഷി എന്ന നിലയിലുളള എം.പി സ്ഥാനം നഷ്ടപ്പെടുത്തുന്ന സാഹചര്യം പാടില്ലെന്ന നിലപാടാണ് ദേശീയ നേതൃത്വത്തിനുളളത് എന്നറിയുന്നു. കേരളത്തിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം ആരെ തുണയ്ക്കുമെന്ന കാര്യത്തിൽ ഉറപ്പില്ല താനും.
ജോസ് പക്ഷം ഇതേക്കുറിച്ച് തീരുമാനം എടുക്കുന്നതിനായി നിശ്ചയിച്ച നേതൃയോഗം നേരത്തെ തന്നെ മാറ്റി. ബുധനാഴ്ചയാണ് യോഗം നിശ്ചയിച്ചിരുന്നത്. പുതിയ രാഷ്ട്രീയ സാഹചര്യം വിലയിരുത്തിയിട്ടുമതി അടുത്ത നീക്കമെന്നാണ് തീരുമാനം. യു.ഡി.എഫിൽ നിന്നും പുറത്താക്കിയ അന്നു മുതൽ ഇടതു മുന്നണിയിലേക്കാണ് ജോസ് വിഭാഗം എന്ന അഭ്യൂഹം ശക്തിപ്പെട്ടിരുന്നു. സി.പി.എം നേതാക്കൾ പരസ്യമായി ജോസ് വിഭാഗത്തെ പിന്തുണച്ച് രംഗത്തു വന്നതോടെ സി.പി.ഐ ആക്രമണം ശക്തിപ്പെടുത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറിയുടെ അഭിപ്രായത്തെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും രണ്ടു തവണ നിലപാട് അറിയിച്ചു. ജോസ് വിഭാഗം സ്വീകാര്യമാണെന്ന അഭിപ്രായത്തിലാണ് സി.പി.എം. ഇതിനിടെ സി.പി.എം നേതൃത്വവുമായി അനൗപചാരിക ചർച്ച തുടങ്ങിയതായും സൂചനയുണ്ടായിരുന്നു. സ്വതന്ത്ര നിലപാടിലാണ് തങ്ങൾ എന്നാണ് അറിയിച്ചിരുന്നതെങ്കിലും തിരുവനന്തപുരത്ത് നിർണായക ചർച്ചകൾ നടന്നുവെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ നിഗമനം.
ഇത് സംബന്ധിച്ച വിവരം ലഭിച്ചതോടെയാണ് കാനം പരസ്യമായി പൊട്ടിത്തെറിച്ചതെന്ന് കരുതുന്നു. ജോസ് വിഭാഗത്തെ ആക്ഷേപിക്കുന്ന തരത്തിലുളള പ്രസ്താവനകൾ വന്നിട്ടും പാർട്ടി സംയമനം പാലിച്ചത് സി.പി.എം കേന്ദ്രങ്ങളുടെ നിർദേശ പ്രകാരമാണെന്നാണ് വിലയിരുത്തൽ. കാനത്തിന്റെ പ്രസ്താവനയും അതിന്റെ മറുപടികളുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ ദൃശ്യമാധ്യമങ്ങളുടെ പ്രധാന വാർത്ത. പക്ഷേ സ്വപ്‌ന, വാർത്തകളിൽ ഇടം പിടിച്ചതോടെ മെല്ലെ കേരള കോൺഗ്രസ് വിഷയം പിൻവാങ്ങി. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ഈ ഇടവേളയിൽ മുന്നണി കാര്യത്തിൽ ധാരണയിലെത്താനാവും ശ്രമിക്കുക. ജോസ് വിഭാഗം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു വരെ സ്വതന്ത്രമായി നിൽക്കാനാണ് പരിപാടി എന്നറിയുന്നു. നേരത്തെ യു.ഡി.എഫ് വിട്ടപ്പോഴും ഒരു വർഷത്തോളം കേരള കോൺഗ്രസ് സ്വതന്ത്ര നിലപാടിലായിരുന്നു.