Sorry, you need to enable JavaScript to visit this website.

വേലയില്ല, വേതനമില്ല; സ്‌പെഷ്യലിസ്റ്റ് അധ്യാപകർ കണ്ണീർക്കയത്തിൽ

കൽപറ്റ- കോവിഡ് കാലത്തു വേലയും വേതനവുമില്ലാതെ സ്‌പെഷ്യലിസ്റ്റ്  അധ്യാപകർ. സമഗ്ര ശിക്ഷ കേരള(എസ്.എസ്.കെ) മുഖേന ജൂൺ ഒന്നു മുതൽ നടത്തേണ്ട നിയമനം കോവിഡ് പശ്ചാത്തലത്തിൽ മുടങ്ങിയതാണ് സ്‌പെഷ്യലിസ്റ്റ് അധ്യാപകർക്കു വിനയായത്. പൊതുവിദ്യാലയങ്ങളിൽ കലാകായിക, പ്രവൃത്തി പരിചയ  വിഷയങ്ങൾ അഭ്യസിപ്പിക്കുന്നവരാണ് സ്‌പെഷ്യലിസ്റ്റ് അധ്യാപകർ. നിയമനത്തിന്റെ അഭാവത്തിൽ വേതനം മുടങ്ങിയ ഇവരും കുടുംബാംഗങ്ങളും ദൈനംദിന ജീവിതത്തിനു പ്രയാസപ്പെടുകയാണ്. ഇതു കണക്കിലെടുത്ത് ഇടക്കാല ആശ്വാസം അനുവദിക്കാനും ഉത്തരവാദപ്പെട്ടവർ തയാറാകുന്നില്ല. 
കേന്ദ്രാവിഷ്‌കൃത സർവശിക്ഷ അഭിയാനിനു(എസ്.എസ്.എ) കീഴിൽ 2016  ഡിസംബറിലാണ് സംസ്ഥാനത്തു ആദ്യമായി പൊതുവിദ്യാലയങ്ങളിൽ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ നിയമിച്ചത്. അധ്യയനവർഷാരംഭം മുതൽ അവസാനം വരെയുള്ള കാലയളവിൽ  കരാർ വ്യവസ്ഥയിലായിരുന്നു നിയമനം. 28,000 രൂപയായിരുന്നു പ്രതിമാസ വേതനം. 2018ൽ സർവ ശിക്ഷ അഭിയാൻ സമഗ്ര ശിക്ഷ കേരള എന്ന പദ്ധതിയായി മാറിയപ്പോൾ സംസ്ഥാനത്തിനുള്ള വിഹിതം കേന്ദ്ര സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചു. അധ്യാപകരെ 7,000 രൂപ പ്രതിമാസ വേതനത്തിൽ പാർട്ട് ടൈം വ്യവസ്ഥയിൽ നിയമിക്കാൻ നിർദേശിച്ചു. ഈ വേതനം തീരേ കുറവാണെന്നു കണ്ട സംസ്ഥാന സർക്കാർ 7,000 രൂപ കൂട്ടിച്ചേർത്തു മാസം 14,000 രൂപ വേതനത്തിൽ സ്‌പെഷ്യലിസ്റ്റ് അധ്യാപകരെ ഫുൾടൈമായി നിയമിച്ചു. നിയമനം വൈകിയതിനാൽ കഴിഞ്ഞ രണ്ടു വർഷവും എട്ടു വീതം മാസങ്ങളിലാണ് അധ്യാപകർക്കു ജോലി ലഭിച്ചത്. 
കോവിഡ് പശ്ചാത്തലത്തിൽ വിദ്യാലയങ്ങൾ തുറക്കാത്തതിനാൽ ഈ അധ്യയനവർഷം സ്‌പെഷ്യലിസ്റ്റ് അധ്യാപക നിയമനം നടന്നില്ല. വയനാട്ടിൽ മാത്രം 110 നിയമനങ്ങളാണ് നടത്തേണ്ടത്. ഇതിനുള്ള കടലാസുപണികൾ എസ്.എസ്.കെ സ്റ്റേറ്റ് പ്രൊജക്ട്  കോ ഓർഡിനേറ്ററുടെ കാര്യാലയത്തിൽ പൂർത്തിയായെങ്കിലും നിയമന ഉത്തരവ് ഇറക്കുന്നില്ല. 
പ്രയാസങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പരിഹാരം കാണുന്നതിനു 13 മുതൽ എസ്.എസ്.കെ ജില്ലാ ഓഫീസിനു മുന്നിൽ റിലേ സത്യഗ്രഹം ആരംഭിക്കാനാണ് സ്‌പെഷ്യലിസ്റ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ ഘടകത്തിന്റെ തീരുമാനം. 
നിയമനം ഉടൻ നടത്തുക, 2016ലെ വേതനം പുനഃസ്ഥാപിക്കുക, ഏപ്രിൽ മുതലുള്ള വേതനം അനുവദിക്കുക, ജോലിയിൽ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹമെന്നു അസോസിയേഷൻ ഭാരവാഹികളായ യു.പി.മോഹൻദാസ്, എ.ജിൽസ്, സെലിൻ ലോപ്പസ്, മനോജ്‌മോൻ എന്നിവർ അറിയിച്ചു. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിച്ച് ദിവസവും  അഞ്ചു പേർ സത്യഗ്രഹത്തിൽ പങ്കെടുക്കും. ആവശ്യങ്ങളിൽ തീരുമാനം ഉണ്ടായതിനുശേഷമേ സമരം നിർത്തൂവെന്നും അവർ പറഞ്ഞു.
 

Latest News