Sorry, you need to enable JavaScript to visit this website.

നാഥനില്ലാതെ സർവ്വകലാശാല

മലബാർ മേഖലയുടെ വിദ്യാഭ്യാസ പുരോഗതിയിൽ വലിയ പങ്കുവഹിച്ച സ്ഥാപനമാണ് കാലിക്കറ്റ് സർവ്വകലാശാല. ഒരു കാലത്ത് വിദ്യാഭ്യാസപരമായി പിന്നോക്ക നിന്നിരുന്ന മലബാർ പ്രദേശങ്ങളിൽ ഉന്നത വിദ്യാഭ്യാസത്തിന്റെ വെളിച്ചമെത്തിക്കുന്നതിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്ത് സ്ഥിതി ചെയ്യുന്ന ഈ സർവ്വകലാശാല നിർണായകമായ പങ്കാണ് വഹിച്ചു കൊണ്ടിരിക്കുന്നത്. കണ്ണൂർ സർവ്വകലാശാല നിലവിൽ വരുന്നതുവരെ കേരളത്തിന്റെ വടക്കേ അറ്റം വരെയുള്ള മേഖലകളിൽ വിദ്യാർഥികൾക്ക് കോളേജ് പഠനത്തിന്റെ പുതിയ വാതായനങ്ങളാണ് തുറന്നു കൊടുത്തത്.


കഴിഞ്ഞ എട്ടു മാസമായി കാലിക്കറ്റ് സർവ്വകലാശാലക്ക് വൈസ് ചാൻസലർ ഇല്ല എന്നത് ഏറെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്. നേരത്തെ വൈസ് ചാൻസലറായിരുന്ന ഡോ.കെ.മുഹമ്മദ് ബഷീർ വിരമിച്ചതിനെ തുടർന്ന് പുതിയ വി.സിയെ നിയമിക്കേണ്ടതായിരുന്നു. താൽക്കാലികമായി മലയാളം സർവ്വകലാശാല വി.സിക്ക് ചുമതല നൽകിയാണ് മുന്നോട്ടു പോകുന്നത്. പുതിയ വി.സിയുടെ നിയമനം സംബന്ധിച്ച് ചട്ടങ്ങൾ അനുസരിച്ചുള്ള നടപടിക്രമങ്ങൾ പൂർത്തിയായെങ്കിലും സർവ്വകലാശാലയുടെ ചാൻസലറായ സംസ്ഥാന ഗവർണർ ഇതുവരെ നിയമനം നടത്തിയിട്ടില്ല.
രാഷ്ട്രീയ-ജാതി താൽപര്യങ്ങളാണ് വൈസ് ചാൻസലർ നിയമനം വൈകാൻ കാരണമാകുന്നതെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തലവനെ നിയമിക്കുന്നതിന് മാനദണ്ഡമാകേണ്ടത് വിദ്യാഭ്യാസ രംഗത്തെ മികവാണെന്നിരിക്കെ രാഷ്ട്രീയ-ജാതി പരിഗണനകൾ കയറിവരുന്നത് വിദ്യാഭ്യാസ രംഗത്തിന് ഭൂഷണമല്ല.
വി.സി നിയമനം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള വടംവലിയും പുറത്തുവരുന്നുണ്ട്. സംസ്ഥാന സർക്കാർ വി.സി സ്ഥാനത്തേക്ക് നിർദേശിച്ച പേരുകൾ പരിഗണിക്കാതെ ദൽഹിയിൽനിന്നുള്ള യു.ജി.സി പ്രതിനിധികളെ പരിഗണിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നാണ് സൂചനകൾ. യു.ജി.സിയുടെ താൽപര്യത്തിന് പിന്നിൽ കേന്ദ്രസർക്കാരിന്റെ സമ്മർദ്ദങ്ങളുണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.


വ്യവസ്ഥാപിതമായ രീതിയിലാണ് കാലങ്ങളായി സർവ്വകലാശാലകളുടെ വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രതിനിധികളായ ചീഫ് സെക്രട്ടറി, ആസൂത്രണബോർഡ് വൈസ് ചെയർമാൻ, സർവ്വകലാശാല സെനറ്റ് പ്രതിനിധി, യു.ജി.സി പ്രതിനിധി എന്നിവർ ഉൾപ്പെട്ട സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലറെ നിർദേശിക്കുന്നത്. ലഭ്യമായ അപേക്ഷകളിൽ നിന്ന് യോഗ്യതയുള്ളവരെ കണ്ടെത്തി ഗവർണക്ക് നിർദേശം നൽകുകയും ഗവർണർ അത് അംഗീകരിച്ച് ഉത്തരവിറക്കുകയുമാണ് പതിവ്. എന്നാൽ ഇത്തവണ വ്യക്തമായ നിർദേശമുണ്ടായിട്ടും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിൽ ഒപ്പിട്ടിട്ടില്ല.
സാധാരണഗതിയിൽ നിർദ്ദിഷ്ട സെർച്ച് കമ്മിറ്റി കണ്ടെത്തുന്ന വ്യക്തിയെ സംസ്ഥാന സർക്കാർ കൂടി പിന്തുണക്കുന്നതോടെ വി.സി നിയമനത്തിന്റെ നടപടിക്രമങ്ങൾ ഏറെയും പൂർത്തിയാകുന്നു. എന്നാൽ ഇത്തവണ സമിതിയുടെ നിർദേശവും സർക്കാരിന്റെ സമ്മതവും ഉണ്ടായിട്ടും ഗവർണർ ഉത്തരവിറക്കാൻ മടിക്കുന്നത് സമീപ കാലത്തൊന്നും വി.സി നിയമനത്തിൽ കാണാത്ത രാഷ്ട്രീയ വടംവലി ശക്തമാണ് എന്നാണ് സൂചിപ്പിക്കുന്നത്. 


സെർച്ച് കമ്മിറ്റിയിലെ കേരളത്തിൽനിന്നുള്ള അംഗങ്ങളും യു.ജി.സിയുടെ പ്രതിനിധിയും വ്യത്യസ്ത പേരുകൾ നിർദേശിച്ചാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സംസ്ഥാന സർക്കാർ പ്രതിനിധികളും സെനറ്റ് പ്രതിനിധിയും മഹാത്മഗാന്ധി സർവ്വകലാശാലയിലെ സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിടിക്‌സിലെ പ്രൊഫസറായ കെ.എം.സീതിയുടെ പേരാണ് വൈസ് ചാൻസലർ സ്ഥാനത്തേക്ക് നിർദേശിച്ചത്. അതേസമയം യു.ജി.സി അംഗമായ ദൽഹി ജവഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാൻസലർ പിന്തുണച്ചത് തിരുവനന്തപുരം കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ പ്രിൻസിപ്പൽ സയന്റിസ്റ്റായ ഡോ.സി.എ.ജയപ്രകാശിനെയാണ്. സെർച്ച് കമ്മിറ്റിയിലെ മൂന്നിൽ രണ്ട് അംഗങ്ങളും കെ.എം.സീതിയെ വി.സി ആക്കണമെന്ന് ഗവർണറോട് ആവശ്യപ്പെട്ടെങ്കിലും ഡോ.ജയപ്രകാശിനെ നിയമിക്കുന്നതിനായി ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ദളിത് വിഭാഗത്തിൽപെട്ട ഡോ.ജയപ്രകാശിന്റെ നിയമനത്തിന് വേണ്ടി ബി.ജെ.പിയും ആർ.എസ്.എസും ചരടുവലികൾ നടത്തുന്നതായും ആരോപണങ്ങളുയർന്നിട്ടുണ്ട്.


തീരുമാനം നീണ്ടുപോയതോടെ പ്രൊഫ. കെ.എം.സീതി സർവ്വീസിൽനിന്ന് റിട്ടയർ ചെയ്തത് കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കി.  വൈസ്ചാൻസലർ പദവിയിൽ നിയമിക്കപ്പെടുന്നവർക്ക് 60 വയസാണ് പ്രായപരിധി. പ്രൊഫ.കെ.എം.സീതി ഇക്കഴിഞ്ഞ മെയ് 28 ന് അറുപത് വയസ് കഴിഞ്ഞതിനെ തുടർന്ന് മഹാത്മഗാന്ധി സർവ്വകലാശാലയിൽ നിന്ന് വിരമിച്ചിരുന്നു. അദ്ദേഹത്തെ ഒഴിവാക്കാൻ ഇത് കാരണമാകുമോ എന്ന ആശങ്ക സർക്കാരിനും സി.പി.എമ്മിനുമുണ്ട്. വൈസ് ചാൻസലർ പദവിയിലേക്ക് അപേക്ഷ നൽകുമ്പോൾ അദ്ദേഹത്തിന് 60 വയസ് കഴിഞ്ഞിട്ടില്ലെന്നും തീരുമാനം വൈകിയത് മൂലം അദ്ദേഹം അയോഗ്യനാക്കപ്പെടരുതെന്നും സർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടതു സഹയാത്രികനായ പ്രൊഫ. സീതിക്ക് വേണ്ടി സർക്കാരും ഡോ. ജയപ്രകാശിന് വേണ്ടി ബി.ജെ.പിയും കടുത്ത സമ്മർദ്ദം തുടരുകയാണ്.


വൈസ് ചാൻസലർ നിയമനം അനന്തമായി നീണ്ടുപോകുന്നത് കാലിക്കറ്റ് സർവ്വകലാശാലയിൽ നയപരമായ പല തീരുമാനങ്ങളെടുക്കുന്നതിലും തടസ്സങ്ങളുണ്ടാക്കുന്നുണ്ട്. മാത്രമല്ല, വൈസ് ചാൻസലർ പദവിയിലെത്തുന്നയാളുടെ രാഷ്ട്രീയമോ ജാതിയോ അല്ല പരിഗണനാ വിഷയമാകേണ്ടത്. രാഷ്ട്രീയ പിന്തുണയിൽ ഈ പദവിയിലേക്ക് ചരടുവലികൾ നടത്തുന്നവർ ആ പദവിയുടെ മഹത്വത്തിന് കളങ്കമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസ രംഗം വലിയ മാറ്റങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്. കോവിഡ് അനന്തര ലോകത്ത് വിദ്യാഭ്യാസം ഏതെല്ലാം പുതിയ രൂപത്തിലാണ് പുനർജനിക്കാനിരിക്കുന്നതെന്ന് കാത്തിരുന്നു കാണേണ്ടതുണ്ട്. കാലത്തിന്റെ ഇത്തരം വെല്ലുവിളികൾക്ക് മുന്നിൽ പുതിയ തലമുറയെ ശരിയായ രീതിയിൽ നയിക്കാൻ കഴിയുന്നവരാകണം സർവ്വകലാശാലകളുടെ ഉന്നത പദവിയിൽ ഇരിക്കേണ്ടത്. അക്കാദമിക മികവും പുതിയ കാലത്തിന്റെ മാറ്റങ്ങളെ തിരിച്ചറിയാനുള്ള കഴിവുകളും മാത്രമായിരിക്കണം അവരുടെ യോഗ്യത.

Latest News