ഇന്ത്യയിലെ കൽക്കരിഖനികളിൽ പണിയെടുക്കുന്നവർ ഏറെ ദുഷ്‌കരമായ സാഹചര്യത്തിലാണ് ജോലി ചെയ്യുന്നത്. ഇക്കഴിഞ്ഞ ജൂൺ രണ്ട് മുതൽ നാല് വരെയുള്ള മൂന്ന് ദിവസങ്ങളിൽ ഇവർ പണിമുടക്കി. ഖനിതൊഴിലാളികൾ നേരിടുന്ന പരിതാപകരമായ അവസ്ഥക്കെതിരെ മാത്രമല്ല ഈ മേഖലയിലെ വാണിജ്യവൽക്കരണം, സ്വകാര്യവൽക്കരണം, പരിസ്ഥിതിനാശം എന്നിവക്കെതിരെ കൂടിയാണ് ഇവർ പ്രതിഷേധിച്ചത്.
കൽക്കരി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികൾ ഒന്നടങ്കം എല്ലാ തൊഴിലാളി സംഘടനകളുടെയും പിൻബലത്തോടെയുമാണ് സമരം ചെയ്തത്. മാനേജുമെന്റുകൾക്ക് ജൂൺ 18ന് തുടർ സമരം സംബന്ധിച്ച നോട്ടീസും നൽകി. ഖനന മേഖലയിലെ സ്വകാര്യവൽക്കരണം, വാണിജ്യവൽക്കരണം തുടങ്ങിയ നിലപാടുകൾക്കെതിരെ തൊഴിലാളികൾ പ്രതിഷേധിച്ചെങ്കിലും ഇക്കാര്യങ്ങളിൽ നിന്നും കേന്ദ്ര സർക്കാർ പിന്നാക്കം പോയില്ല. ജൂൺ 18 ന് ഖനികളുടെ സ്വകാര്യവൽക്കരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിതന്നെ തുടക്കം കുറിച്ചു. ജൂൺ 18ന് കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ തൊഴിലാളികൾ വളരെ ശക്തമായാണ് പ്രതിഷേധിച്ചത്. അഞ്ചിന ആവശ്യങ്ങളാണ് തൊഴിലാളികൾ പ്രധാനമായും മുന്നോട്ടുവെച്ചത്. കൽക്കരി ഖനന മേഖലയിലെ വാണിജ്യവൽക്കരണം സംബന്ധിച്ച തീരുമാനം പിൻവലിക്കുക, കോൾ ഇന്ത്യ ലിമിറ്റഡ്, സിംഗരേനി കോളിയറീസ് കമ്പനി ലിമിറ്റഡ് എന്നിവയുടെ സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളികൾ പ്രധാനമായും ഉന്നയിച്ചത്.
കൽക്കരി മേഖലയിൽ 100 ശതമാനം പ്രത്യക്ഷ വിദേശ നിക്ഷേപം അനുവദിക്കാനുള്ള തീരുമാനത്തോട് കൽക്കരി മേഖലയിലെ തൊഴിലാളി യൂണിയനുകളും മറ്റ് കേന്ദ്ര തൊഴിലാളി യൂണിയനുകളും ശക്തമായ എതിർപ്പാണ് പ്രകടിപ്പിച്ചത്. ഖനിത്തൊഴിലാളികളുടെ സമരത്തിന് എല്ലാ പിന്തുണയും നൽകാൻ കേന്ദ്ര തൊഴിലാളി യൂണിയനുകൾ ബന്ധപ്പെട്ട സംസ്ഥാന ഘടകങ്ങൾക്ക് നിർദ്ദേശം നൽകി.
ദേശീയ താൽപര്യം, സ്വയംപര്യാപ്തത എന്നിവ ലക്ഷ്യമിട്ട് കൽക്കരി ഖനനം പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്ന ആവശ്യമാണ് ശക്തമായി ഉന്നയിക്കുന്നത്. പരിസ്ഥിതി ആഘാതം കണക്കിലെടുത്ത് നാല് കൽക്കരി ബ്ലോക്കുകളെ വാണിജ്യാടിസ്ഥാനത്തിലുള്ള ഖനനത്തിൽ നിന്നും ഒഴിവാക്കണമെന്ന് ഛത്തീസ്ഗഢ് സർക്കാരും തൊഴിലാളികളും കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇക്കാര്യം അംഗീകരിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായില്ല. ഇക്കാര്യം ആവശ്യപ്പെട്ട് ഛത്തീസ്ഗഢ് പരിസ്ഥിതി വകുപ്പ് മന്ത്രി മുഹമ്മദ് അക്ബർ കേന്ദ്ര സർക്കാരിന് കത്തെഴുതി. പരിസ്ഥിതി ആഘാതം കണക്കിലെടുത്ത് ഹഡേസോ, മാന്ദ് എന്നിവിടങ്ങളിലെ ഖനനം ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. സംസ്ഥാനത്തിന്റെ പരിസ്ഥിതി, വനം എന്നിവയുടെ സംരക്ഷണത്തിന് ഇക്കാര്യം അനിവാര്യമാണെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. മോഗ്രാ സൗത്ത്, മോഗ്രാ 2, സയാങ്, മദൻപൂർ നോർത്ത് എന്നീ നാല് ബ്ലോക്കുകളുടെ ലേല നടപടികൾ നിർത്തിവയ്ക്കണമെന്നാണ് സംസ്ഥാന സർക്കാരിന്റെ മറ്റൊരാവശ്യം.
പരിസ്ഥിതി ആഘാതം വിലയിരുത്താതെയുള്ള ലേല നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഝാർഖണ്ഡ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഇപ്പോഴത്തെ ലേലനടപടികൾ തുടർന്നാൽ രൂക്ഷമായ സാമൂഹ്യ, സാമ്പത്തിക പ്രതിസന്ധി ഉടലെടുക്കുമെന്ന നിലപാടാണ് ഛത്തീസ്ഗഢ് സർക്കാർ നേരത്തെ സ്വീകരിച്ചത്.
ഹദേസോ നദിയിൽ ബാംഗോ ഡാം നിർമ്മിക്കുന്നതിന് വനപ്രദേശത്ത് താമസിച്ചിരുന്ന ആദിവാസികളെ കുടിയൊഴിപ്പിച്ചിരുന്നു. അതേമേഖലയിൽ തന്നെയുള്ള കൽക്കരി ഖനനം വഴി തങ്ങൾ വീണ്ടും കുടിയിറക്കപ്പെടുമെന്ന ആശങ്കയിലാണ് ഈ പ്രദേശങ്ങളിലെ ആദിവാസികൾ. നേരത്തെ ഹദേസോ ഉൾപ്പെടെയുള്ള പ്രദേശങ്ങൾക്ക് ഖനനാനുമതി പരിസ്ഥിതി മന്ത്രാലയം നൽകിയിരുന്നില്ല. ഇടതൂർന്ന ഈ വനപ്രദേശങ്ങളെ നോ ഗോ (നിരോധിത) മേഖലയായാണ് പരിസ്ഥിതി മന്ത്രാലയം പരാമർശിച്ചത്.
2009ലാണ് രാജ്യത്തെ വനങ്ങളെ ഗോ, നോ ഗോ എന്നീ വിഭാഗങ്ങളായി തിരിച്ചത്. നോ ഗോ വിഭാഗത്തിൽ ഉൾപ്പെടുന്ന വനങ്ങളിൽ ഖനനം അനുവദിക്കില്ല. നോ ഗോ വനങ്ങളായി വർഗീകരിച്ചതിന്റെ നിയമ സാധുത പരിശോധിക്കാനായി കേന്ദ്ര സർക്കാർ പ്രത്യേക സമിതിയെ നിയോഗിച്ചു.
അസമിലെ സലേകി സംരക്ഷിത വനങ്ങളിൽ ഖനനം അനുവദിച്ചത് സംബന്ധിച്ചും ആക്ഷേപങ്ങൾ ഉയർന്നിരുന്നു. സലേകി ആനസംരക്ഷണ കേന്ദ്രത്തിൽ ഉൾപ്പെട്ട 57.20 ഹെക്ടർ സ്ഥലത്താണ് നേരത്തെ കൽക്കരി ഖനനത്തിനുള്ള അനുമതി നൽകിയത്. കേന്ദ്ര സർക്കാർ നിയോഗിച്ച സമിതി ഖനനത്തിന് അനുവദിച്ച സ്ഥലം പരിസ്ഥിതിലോല പ്രദേശമാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഖനനം നടത്തിയ സ്ഥലത്തുനിന്നും 41.39 ഹെക്ടർ സ്ഥലം തിരികെ നൽകാൻ നിർദ്ദേശിച്ചു. പരിസ്ഥിതി സംരക്ഷണ നിയമവുമായി ബന്ധപ്പെട്ട് ഖനനം സംബന്ധിച്ച് വ്യക്തമായ നിർദ്ദേശങ്ങളും നിയമങ്ങളും ഇപ്പോഴുണ്ട്.
എന്നാൽ വനങ്ങൾ ഉൾപ്പെടെയുള്ള സംരക്ഷിത പ്രദേശങ്ങളുടെ വാണിജ്യവൽക്കരണം നിർബാധം തുടരുന്നു. രാജ്യത്ത് ആകെയുള്ള കൽക്കരി നിക്ഷേപങ്ങളിൽ 15 ശതമാനം മാത്രമാണ് വനപ്രദേശങ്ങളിലുള്ളത്. അതുപോലും കച്ചവടത്തിൽ നിന്നും ഒഴിവാക്കുന്നില്ല. വനനശീകരണം തുടരുന്നു. ഇത് ജീവനും പ്രകൃതിക്കും ഭീഷണിയായി തുടരുന്നു.