തിരുവനന്തപുരം- ഡിപ്ലോമാറ്റിക് ബാഗേജ് സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതിയായ സ്വപ്ന സുരേഷ് തന്റെ മരുമകളാണെന്ന പ്രചരണത്തിനെതിരെ തമ്പാനൂര്‍ രവി നിയമനടപടിക്ക്. സംസ്ഥാന പോലിസ് മേധാവിക്ക് അദ്ദേഹം പരാതി നല്കി. സ്വപ്ന സുരേഷിനെ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴി തിരിച്ചുവിടാന്‍ നടത്തുന്ന ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരത്തില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് എതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും തമ്പാനൂര്‍ രവി പറഞ്ഞു. പരാതി നല്കിയ വിവരം തമ്പാനൂര്‍ രവി ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ മരുമകളാണെന്ന വിധത്തില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിനെതിരെയാണ് തമ്പാനൂര്‍ രവി തന്നെ നേരിട്ട് രംഗത്തെത്തിയത്.