തിരുവനന്തപുരം- ഡിപ്ലോമാറ്റിക് ലഗേജ് സ്വര്‍ണക്കടത്ത് കേസില്‍ ആരോപണവിധേയനായ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റി. എന്നാല്‍ അദ്ദേഹം ഐടി സെക്രട്ടറി സ്ഥാനത്ത് തുടര്‍ന്നേക്കും. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷിന് ക്രിമിനല്‍ റെക്കോര്‍ഡ്‌സ് നിലനില്‍ക്കെ നിയമനം നല്‍കിയെന്ന ആരോപണമാണ് ശിവശങ്കറിനെതിരെയുള്ളത്.ഇതേതുടര്‍ന്നാണ് നടപടി. മീര്‍ മുഹമ്മദ് ഐഎഎസിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ മുഴുവന്‍ ദുരൂഹതകളും ഇന്ന് ചുരുളഴിഞ്ഞേക്കുമെന്നാണ് കസ്റ്റംസ് സംഘം നല്‍കുന്ന സൂചന. ദുബായിലെ വ്യാപാരി ഫാസില്‍ എന്നയാളാണ് യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ ഡിപ്ലോമാറ്റിക് ബാഗേജ് അയച്ചതെന്നാണ് വിവരം.ഭക്ഷണ സാധനങ്ങളെന്ന വ്യാജേന അയക്കുന്ന സ്വര്‍ണം എയര്‍പോര്‍ട്ടിന് പുറത്തെത്തിക്കുന്നത് സ്വപ്‌ന സുരേഷാണ്. അതേസമയം പുറത്തുനിന്നുള്ള ഒരാള്‍ എങ്ങിനെയാണ് ഡിപ്ലോമാറ്റിക് ബാഗേജുകള്‍ അയക്കുന്നതെന്ന ചോദ്യവും ഇതോടൊപ്പം ഉയരുന്നു.