അൽ ഖസീം- നാല് മാസത്തിലേറെയായി ഖസീം ഉനൈസയിൽ ജോലിയും, ശമ്പളവും ഇല്ലാതെ പ്രയാസപ്പെട്ടിരുന്ന മൂന്ന് മലയാളി സഹോദരങ്ങൾ റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള ഐ സി എഫിന്റെ ചാർട്ടേഡ് വിമാനത്തിൽ നാട്ടിലേക്ക് യാത്രയായി. കഫീലിന്റെ പെട്ടെന്നുള്ള മരണത്തെ തുടർന്ന് ഇവരുടെ ജോലി നഷ്ടപ്പെടുകയും പൂർണ്ണമായും ലോക്ഡൗൺ കൂടി ആയതോടെ ജീവിതം ദുരിത പൂർണ്ണമാവുകയുമായിരുന്നു. ഇവരുടെ അവസ്ഥ കണ്ട് ഐ സി എഫ് ഇടപെടുകയും അവർക്ക് വേണ്ട ഭക്ഷണവും, മരുന്നുകളും, മറ്റ് സഹായങ്ങളും എത്തിച്ചു കൊടുക്കുകയുമായിരുന്നു. ഇന്ത്യൻ എംബസിയിലും നോർക്കയിലും രജിസ്റ്റർ ചെയ്ത് നാട്ടിലേക്ക് തിരിക്കാൻ നാളുകളായി കാത്തിരിക്കുകയായിരുന്നു.
ദിവസങ്ങൾ കഴിയുംതോറും മാനസികമായി തളരുന്ന ഇവരുടെ അവസ്ഥ കണ്ട് ഐ സി എഫ് ഭാരവാഹി അഫ്‌സൽ കായംകുളത്തിന്റെ ഇടപെടലിലൂടെ റിയാദിൽ നിന്നും കോഴിക്കോട്ടേക്കുള്ള വിമാനത്തിൽ യാത്ര തരപ്പെടുത്തുകയും ചെയ്തു. ഇവരുടെ യാത്രാരേഖകളും മറ്റും ഐസിഎഫ് ഹെൽപ്പ് ഡെസ്‌ക്ക് അംഗങ്ങളായിരുന്ന അഫ്‌സൽ കായംകുളം, ഹംസ കണ്ണൂർ, ഹക്കിം ഇസ്മായിൽ കാഞ്ഞിരപ്പള്ളി തുടങ്ങിയവർ അവരുടെ താമസസ്ഥലത്ത് എത്തിച്ച് കൈമാറി. ദുരിത സമയങ്ങളിൽ സഹായിച്ച മുഴുവൻ ആളുകൾക്കും നന്ദി പറഞ്ഞ് അവർ നാട്ടിലേക്കു യാത്രയായി.