തിരുവനന്തപുരം- സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അകമ്പടി പോയ വാഹനം അപകടത്തിൽപ്പെട്ട് മരിച്ച സിവിൽ പോലീസ് ഓഫീസർ പി. പ്രവീണിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഇരുപത് ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ആശ്രിതനിയമന പദ്ധതി പ്രകാരം പ്രവീണിന്റെ ആശ്രിതന് സീനിയോറിറ്റി മറികടന്ന് നിയമനം നൽകും. ഈ അപകടത്തിൽ പരിക്കേറ്റ സിവിൽ പോലീസ് ഓഫീസർമാരായ അഭിലാഷ്, രാജേഷ് എന്നിവർക്ക് അവരുടെ ചികിത്സയ്ക്ക് ചെലവായ മുഴുവൻ തുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ തീരുമാനിച്ചു.
ജയിൽ വകുപ്പിൽ വാർഡർ വിഭാഗത്തിൽ 206 തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഇതിൽ 140 അസിസ്റ്റൻറ് പ്രിസൺ ഓഫീസർ തസ്തികകളാണ്. ഡെപ്യൂട്ടി പ്രിസൺ ഓഫീസർ 58, പ്രിസൺ ഓഫീസർ ആറ്. ഗേറ്റ് കീപ്പർ രണ്ട്.
ശാസ്ത്ര സാങ്കേതിക കൗൺസിലിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് പത്താം ശമ്പള പരിഷ്‌കരണം നടപ്പാക്കാൻ തീരുമാനിച്ചു. ഇക്കാര്യത്തിലുളള ധനവകുപ്പിൻറെ നിബന്ധന പാലിക്കപ്പെടുന്നില്ലെങ്കിൽ ഭാവിയിൽ ശമ്പളപരിഷ്‌കരണം പരിഗണിക്കില്ല എന്ന വ്യവസ്ഥയോടെയാണ് തീരുമാനം.
വഖഫ് ബോർഡിൽ നിന്ന് 2016 ഫെബ്രുവരി 1-നു മുമ്പ് വിരമിച്ച ജീവനക്കാരെയും പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചു.
ജി.എസ്.ടിയുടെ മറവിൽ കച്ചവടക്കാർ അമിത ലാഭമെടുക്കുന്നത് തടയാൻ കർശനമായ സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ജി.എസ്.ടി കൗൺസിലിൽ ഉന്നയിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ജി.എസ്.ടിയിലെ അവ്യക്തതകളും ഫലപ്രദമായ സോഫ്റ്റ് വേറിൻറെ അഭാവവും മുതലെടുത്താണ് കച്ചവടക്കാർ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നത്.
വ്യാപാരികൾക്ക് നികുതി അടയ്ക്കുന്നതുമായി ബന്ധപ്പെട്ട സോഫ്റ്റ് വേർ ഉണ്ടാക്കുന്നതിന് ഗുഡ്‌സ് ആൻറ് സർവീസസ് ടാക്‌സ് നെറ്റ്വർക്ക് (ജി.എസ്.ടി.എൻ) എന്ന സ്വകാര്യ സ്ഥാപനത്തെയാണ് ഏൽപ്പിച്ചിട്ടുളളത്. അതിനാൽ സംസ്ഥാന സർക്കാരുകൾക്ക് ഇക്കാര്യത്തിൽ ഇടപെടാൻ പരിമിതിയുണ്ട്. പരാതികൾക്ക് പരിഹാരമുണ്ടാക്കേണ്ടത് ജി.എസ്.ടി.എൻ ആണ്.
സോഫ്റ്റ് വേർ സിസ്റ്റം പൂർണ്ണമാവാത്ത സാഹചര്യത്തിൽ റിട്ടേൺ ഫയൽ ചെയ്യാൻ വൈകുന്നതിന് പിഴ ഈടാക്കരുതെന്ന് കേരളം ജി.എസ്.ടി കൗൺസിലിൽ ആവശ്യപ്പെടും. ചില വസ്തുക്കൾക്കുളള നികുതി പാവങ്ങളെ ബുദ്ധിമുട്ടിക്കുന്നതും സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുന്നതുമാണ്. ഇത്തരം നികുതി നിരക്കുകൾ യുക്തിസഹമാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെടും. സോഫ്റ്റ്‌വേർ സംബന്ധമായ പ്രശ്‌നങ്ങൾ നിലനിൽക്കുന്നതിനാൽ ഇൻഫോസിസിൽ നിന്ന് ഒരു സാങ്കേതിക ഓഫീസറെ കേരളത്തിൽ ജി.എസ്.ടി.എൻ നിയോഗിക്കണം.
വ്യാപാരികളുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാനതലത്തിൽ വിവിധ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു. ജില്ലാ ഫെസിലിറ്റേഷൻ സെൻററുകൾ വഴി വ്യാപാരികളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്ന സംവിധാനം ശക്തിപ്പെടുത്തും. ജി.എസ്.ടി ദാതാക്കളുടെ പരാതി പരിഹാര കേന്ദ്രമായി അക്ഷയ സെൻററുകൾ പ്രവർത്തിക്കും. ജി.എസ്.ടി വകുപ്പിന്റെ 180 സർക്കിളുകളിലും നികുതിദായകർക്ക് പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്. റിട്ടേൺ ഫയൽ ചെയ്യുന്നതിന് നികുതിദായകരെ സഹായിക്കാൻ ജി.എസ്.ടി വകുപ്പ് തന്നെ സൗജന്യമായി അക്കൗണ്ടിങ് സോഫ്റ്റ് വേർ ഉണ്ടാക്കിക്കൊടുക്കും.
ജിഎസ്ടി പ്രാബല്യത്തിൽ വന്നിട്ട് മൂന്ന് മാസം കഴിഞ്ഞെങ്കിലും പ്രശ്‌നങ്ങൾ നിലനിൽക്കുകയാണെന്ന് മന്ത്രിസഭ വിലയിരുത്തി. നികുതിദായകർക്കും ഉപഭോക്താക്കൾക്കും ഇത് അങ്ങേയറ്റം പ്രയാസമുണ്ടാക്കുന്നുണ്ട്.