കൊലക്കേസ് പ്രതിയെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊന്നു

തൃശൂര്‍ - അവണൂരിനടുത്ത് മുണ്ടൂരില്‍ ഇരട്ടക്കൊലക്കേസ് പ്രതിയെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തി. വരടിയം സ്വദേശി  തെക്കേതുരുത്ത് തുച്ഛന്‍ നഗര്‍ ബസ് സ്റ്റോപ്പിനു സമീപം ചിറയത്ത് സിജോയാണ് കൊല്ലപ്പെട്ടത്. 2019 ഏപ്രില്‍ 24ന് രണ്ടുപേരെ വാനിടിച്ച് വീഴ്ത്തി വെട്ടിക്കൊന്ന കേസിലെ  പ്രതിയാണ് സിജോ.  ജാമ്യത്തിലിറങ്ങിയ ശേഷം സ്വകാര്യ ബസില്‍ ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞദിവസം രാത്രി സുഹൃത്തിന്റെ  വീട്ടിലെത്തി  ബൈക്കില്‍ മടങ്ങുമ്പോള്‍  ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് സിജോയെ തടഞ്ഞുനിര്‍ത്തിയാണ് വെട്ടിയത്.
മുണ്ടത്തിക്കോട് സ്വദേശി ചൊവ്വല്ലൂര്‍ ക്രിസ്റ്റിഫര്‍, മുണ്ടൂര്‍ സ്വദേശി പറവട്ടാനി വീട്ടില്‍ ശ്യാം എന്നിവരെ 2019ല്‍ വാഹനമിടിച്ച് തെറിപ്പിച്ച് വെട്ടിക്കൊന്ന കേസിലെ രണ്ടാം പ്രതിയാണ് ഇപ്പോള്‍ കൊല്ലപ്പെട്ട സിജോ. സിജോയ്ക്കു നേരെ മുന്‍പ് വധശ്രമമുണ്ടായിരുന്നു. ഇരട്ടക്കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി ബസില്‍ ക്ലീനറായി ജോലി ചെയ്യുകയായിരുന്നു.
അവണൂര്‍ മണിത്തറയില്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് സമീപം വെച്ചായിരുന്നു സിജോയെ ആക്രമിച്ചത്. സിജോയുടെ കൂടെയുണ്ടായിരുന്ന നാലുപേരില്‍ ഒരാളുടെ കാലിന് പരിക്കേറ്റു. മറ്റുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
ഗുണ്ടാ-കഞ്ചാവ് കേസിലെ കുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.

 

Latest News