തിരുവനന്തപുരം- സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് പ്രതികൾക്ക് വേണ്ടി ഫോൺ കോൾ പോയി എന്നത് അസംബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എന്ത് പ്രശ്‌നമുണ്ടായാലും മുഖ്യമന്ത്രിയുടെ ഓഫീസിനെ പെടുത്താൻ കഴിയുമോ എന്നാണ് നോക്കുന്നത്. ഈ കേസ് ഫലപ്രദമായി അന്വേഷിക്കുന്നത് കസ്റ്റംസാണ്. അവർ അത് കൃത്യമായി അന്വേഷിക്കും. ഈ കേസുമായി ബന്ധപ്പെട്ട് ആരും രക്ഷപ്പെടില്ല. നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരിക എന്നതാണ് പ്രധാനം. തെറ്റു ചെയ്യുന്നവർക്ക് പരിരക്ഷ നൽകുന്ന സമീപനം ബി.ജെ.പി നേതാവ് സുരേന്ദ്രൻ സ്വീകരിക്കരുത്. അന്വേഷണത്തിന് മുഴുവൻ പിന്തുണയും സംസ്ഥാന സർക്കാർ നൽകും. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് ആദ്യ ഫോൺ പോയി എന്നത് അസംബന്ധം. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന ലാവണമല്ല മുഖ്യമന്ത്രിയുടെ ഓഫീസ്. അതിനെ കളങ്കപ്പെടുത്താൻ സുരേന്ദ്രന്റെ നാവിന് കഴിയില്ല. സ്വപ്‌ന സുരേഷിന്റെ നിയമനം താൻ അറിഞ്ഞുകൊണ്ടല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനതാവളത്തിൽ വലിയ സ്വർണക്കടത്താണ് നടന്നത്. ഇത് കണ്ടുപിടിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു. പ്രതികളെ പറ്റി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ശരിയായ രീതിയിൽ അന്വേഷണം നടക്കുന്നു. പ്രതികളെ കണ്ടെത്തി നിയമത്തിന്റെ കരങ്ങളിൽ പ്രതികളെ ഏൽപ്പിക്കാൻ അന്വേഷണ സംഘത്തിന് കഴിയും.