തിരുവനന്തപുരം- ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണക്കടത്തിന് ശ്രമിച്ച കേസിലെ പ്രധാന പ്രതി സ്വപ്‌ന സുരേഷ് ഒളിവില്‍. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്‌ന നിലവില്‍ സംസ്ഥാന ഐടി വകുപ്പിന്റെ കെഎസ്‌ഐടിയിലാണ് ജോലി ചെയ്യുന്നത്. ഇവരെ കണ്ടെത്താനായി കസ്റ്റംസ് വകുപ്പ് അന്വേഷണം ഊര്‍ജിതമാക്കി. നിലവില്‍ സ്വര്‍ണക്കടത്തിനിടെ അറസ്റ്റിലായ മറ്റൊരു പ്രതി സരിത്തും സ്വപ്‌നയും ചേര്‍ന്ന് നേരത്തെയും സ്വര്‍ണം കടത്തിയിട്ടുണ്ടെന്നാണ് വിവരം. ഓരോ ഇടപാട് നടന്നുകഴിയുമ്പോഴും 25 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചിരുന്നതെന്ന് കസ്റ്റംസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് യുഎഇ കോണ്‍സുലേറ്റിലേക്ക് എന്ന പേരില്‍ എത്തിയ ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് മുപ്പത് കിലോ സ്വര്‍ണം പിടികൂടിയത്. ഭക്ഷണസാധനങ്ങളെന്ന വിധത്തിലാണ് ഈ ബാഗേജില്‍ എത്തിച്ചത്. എന്നാല്‍ രഹസ്യവിവരത്തെ തുടര്‍ന്ന് കസ്റ്റംസ് വകുപ്പ് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് കോണ്‍സുലേറ്റിലെ പിആര്‍ഓ എന്ന് നടിച്ചിരുന്ന സരിത്തിനെ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.ഇയാള്‍ കോണ്‍സുലേറ്റിലെ ജീവനക്കാരനല്ലെന്ന് തെളിഞ്ഞിട്ടുണ്ട്.