അടൂര്‍- ക്രിസ്ത്യന്‍ പള്ളിക്ക് മുമ്പില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച യുവതിയും കാമുകനും അറസ്റ്റില്‍. ഏനാദിമംഗലം മാരൂര്‍മംഗലത്ത് പുത്തന്‍വീട്ടില്‍ അജയ് (32) കുട്ടിയുടെ മാതാവ് മാരൂര്‍ ഒഴുക്കുപാറ കിഴക്കേതില്‍ ലിജ (33) എന്നിവരെയാണ് അടൂര്‍ പോലിസ് അറസ്റ്റ് ചെയ്തത്. ജൂണ്‍ 30ന് പുലര്‍ച്ചെയായിരുന്നു സംഭവം. മരുതിമൂട് പള്ളിക്ക് മുമ്പില്‍ കുരിശടിയില്‍ മെഴുകുതിരി കത്തിക്കാന്‍ എത്തിയവരാണ് ഒരു ദിവസം മാത്രം പ്രായമുള്ള പെണ്‍കുഞ്ഞിനെ പള്ളിമുറ്റത്ത് കണ്ടെത്തിയത്. ഇതേതുടര്‍ന്ന് കുഞ്ഞിനെ ഉപേക്ഷിച്ചവരെ കണ്ടെത്താന്‍ പള്ളിയിലെ സിസിടിവി പരിശോധിച്ചപ്പോള്‍ പ്രവര്‍ത്തനരഹിതമായിരുന്നു.
പിന്നീട് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. സമീപപ്രദേശങ്ങളില്‍ സംശയാസ്പദമായ രീതിയില്‍ അജയുടെ ഓട്ടോറിക്ഷ കണ്ടിരുന്നു. ഇതേതുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തായത്. ആദ്യവിവാഹം പിരിഞ്ഞ ശേഷം അജയും യുവതിയും പ്രണയത്തിലായിരുന്നു.ലിജ ഗര്‍ഭിണിയായ ശേഷം വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. കഴിഞ്ഞ ദിവസം പ്രസവിച്ച കുഞ്ഞിനെ രണ്ട് പേരും ചേര്‍ന്ന് പള്ളിനടയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുഞ്ഞിനെ ശിശുസംരക്ഷണ സമിതിയില്‍ പോലിസ് ഏല്‍പ്പിച്ചു.