കോട്ടയം- കേരളത്തില്‍ യുഡിഎഫ് മുന്നണിയില്‍ ഇല്ലെങ്കിലും ദേശീയതലത്തില്‍ യുപിഎയ്ക്ക് ഒപ്പമാണെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി . നേരത്തെയും യുഡിഎഫ് വിട്ടപ്പോഴും യുപിഎയ്ക്ക് ഒപ്പമാണ് ഉണ്ടായിരുന്നത്. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇടത്,വലത് മുന്നണികളിലേക്ക് ഇല്ലാതെ നിലനില്‍ക്കാനാണ് തങ്ങളുടെ തീരുമാനം. അതുകൊണ്ട് തന്നെ കാനം രാജേന്ദ്രന്റെ പ്രസ്താവനക്ക് താന്‍ മറുപടി പറയേണ്ട കാര്യമില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി.
യുഡിഎഫില്‍ നിന്ന് പുറത്തായ ശേഷം ജോസ് കെ മാണി വിഭാഗത്തിനെ സ്വീകരിക്കുമെന്ന നിലപാടായിരുന്നു സിപിഐഎമ്മിന്. ജോസ് കെ മാണി നയം വ്യക്തമാക്കിയാല്‍ ഇടത് മുന്നണയില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്നായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഇതിനെതിരെ സിപിഐ രംഗത്തെത്തിയിരുന്നു. എന്നാല്‍ നിലവില്‍ രണ്ട് മുന്നണികളിലേക്കും പോകാനില്ലെന്ന ധാരണയിലാണ് കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം.