ജുബൈൽ- കോവിഡ് പ്രതിസന്ധിയിൽ ദുരിതമനുഭവിക്കുന്ന പ്രവാസികൾക്ക് സാന്ത്വനമായി ജുബൈൽ ഒ.ഐ. സി.സിയുടെ കാരുണ്യ സ്പർശം പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജുബൈലിലും പരിസര പ്രദേശങ്ങളിലും കാരുണ്യ സ്പർശം വളണ്ടിയർമാർ രാപ്പകൽ വ്യത്യാസമില്ലാതെ സേവന പ്രവർത്തനങ്ങളുമായി കർമനിരതരാണ്.
മാസങ്ങളായി ജോലിയില്ലാത്തവരും കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുൾപ്പെടെയുമുള്ളവർക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകൾ വളണ്ടിയർമാർ എത്തിച്ചു കൊടുക്കുന്നുണ്ട്. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർ, മെഡിക്കൽ ഇൻഷുറൻസ് ഇല്ലാത്തവർ എന്നിവർക്കാവശ്യമായ മരുന്നുകളും എത്തിച്ച് കൊടുക്കുാൻ പ്രത്യേക മെഡിക്കൽ ടീം പ്രവർത്തിക്കുന്നുണ്ട്. നാട്ടിൽ നിന്ന് മരുന്ന് കൊണ്ടുവന്ന് ഉപയോഗിച്ചിരുന്ന നിരവധിയാളുകൾക്കാണ് നാട്ടിൽ നിന്നുള്ള മരുന്നിന്റെ തത്തുല്യമായ മരുന്നുകൾ നൽകുന്നതിലൂടെ ആശ്വാസമേകുന്നത്. വിദഗ്ധ ഡോക്ടർമാരുടെ നിർദേശത്തോടെയാണ് നാട്ടിൽ നിന്നുള്ള മരുന്നുകൾക്ക് തത്തുല്യമായ മരുന്നുകൾ മെഡിക്കൽ ടീം നൽകുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ ആംബുലൻസ് സർവീസ്, മാനസിക സമ്മർദത്തിലായവർക്ക് ആവശ്യമായ ഓൺലൈൻ കൗൺസലിംഗ്, ചികിത്സയിൽ കഴിയുന്ന രോഗികൾക്കാവശ്യമായ അത്യാവശ്യ സാധനങ്ങൾ എത്തിച്ചു നൽകൽ എന്നിവ നടന്നു വരുന്നു. ജുബൈലിലെ പ്രമുഖ ഡിസ്‌പെൻസറികളായ കിംസ്, ദനാത്, സഹറ, ബദർ അൽ ഖലീജ്, ഗൾഫ് ഏഷ്യ എന്നിവ കാരുണ്യ സ്പർശത്തിന്റെ മെഡിക്കൽ സേവനങ്ങൾക്ക് നിർലോഭമായ പിന്തുണയാണ് നൽകി വരുന്നതെന്ന് ഒ.ഐ.സി.സി ഭാരവാഹികൾ പറഞ്ഞു.
നൂഹ് പാപ്പിനിശ്ശേരി, അഷ്‌റഫ് മൂവാറ്റുപുഴ, നജീബ് നസീർ, ശിഹാബ് കായംകുളം, വിത്സൺ തടത്തിൽ, റിയാസ് എൻ.പി, സലീം വെളിയത്ത്, അരുൺ കല്ലറ, അനിൽ കുമാർ, ഉസ്മാൻ കുന്നംകുളം, ഷാജിദ് കാക്കൂർ, അൻഷാദ് ആദം, നസീർ തുണ്ടിൽ, അജ്മൽ താഹ, നജീബ് വക്കം, നിഷാജ്, അബ്ദുള്ള ഇമ്പിച്ചി, അജ്മൽ സാബു, മുഹമ്മദാലി, ജെയിംസ് കൈപ്പള്ളി, ബൈജു അഞ്ചൽ, ഷമീം എന്നിവരാണ് ജുബൈൽ ഒ.ഐ.സി.സി യുടെ കാരുണ്യ സ്പർശം ഹെൽപ് ഡെസ്‌ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.