റിയാദ്- പ്രവാസി സംസ്‌കാരിക വേദി റിയാദ് ഘടകം ചാർട്ടർ ചെയ്ത സ്‌പൈസ് ജെറ്റ് വിമാനം ഇന്ന് രാവിലെ 10.30 ന് റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര ടെർമിനലിൽ നിന്നും കോഴിക്കോട്ടേക്ക് പറന്നു. അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് വിമാനം ചാർട്ടർ ചെയ്തത്. ജോലി നഷ്ടപ്പെട്ടവരും വിസിറ്റിംഗിൽ വന്ന് വിസാ കാലാവധി തീർന്നവരും പ്രവാസം അവസാനിപ്പിച്ചു പോകുന്ന കുടുംബങ്ങളുമാണ് യാത്രികർ.
സൗദിയിൽ നിന്നുള്ള വന്ദേഭാരത് മിഷൻ വിമാനങ്ങളുടെ ദൗർലഭ്യമാണ് സംഘടനകളെ വലിയ നിരക്കിൽ ചാർട്ടർ ചെയ്യാൻ പ്രേരിപ്പിക്കുന്നത്. പി.പി.ഇ കിറ്റടക്കം 1850 റിയാലാണ് ടിക്കറ്റ് ചാർജായി ഈടാക്കിയത്. സാമ്പത്തിക ബുദ്ധിമുട്ടുള്ള ഏതാനും യാത്രക്കാർക്കു പ്രവാസിയുടെ സൗജന്യ യാത്രയും ഒരുക്കിയിരുന്നു. യാത്രക്കാർക്ക് പോക്കറ്റ് മണിയായി ഇന്ത്യൻ രൂപയും ലഭിച്ചപ്പോൾ യാത്ര ഏറെ സന്തോഷകരമായെന്നു യാത്രക്കാരനായ ഹൻഷാദ് പ്രതികരിച്ചു.
കഴിഞ്ഞ മാസം പുറപ്പെടേണ്ടിയിരുന്ന പ്രവാസി വിമാനം കേരളാ സർക്കാർ കൊണ്ടുവന്ന യാത്രക്കാർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന ഉപാധി കാരണം നീണ്ടു പോവുകയായിരുന്നു.
ഇതുമൂലം നിരവധി കുടുംബങ്ങളാണ് പ്രയാസത്തിലായത്. വിമാനത്താവള സേവനങ്ങൾക്ക് പ്രവാസി സാംസ്‌കാരിക വേദി നേതാക്കളായ അംജദ് അലി, ഷഹ്ദാൻ, അബ്ദുറഹ്മാൻ മാറായി, അഹ്ഫാൻ എന്നിവർ നേതൃത്വം നൽകി.
സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സാജു ജോർജ്, ജനറൽ സെക്രട്ടറി ഖലീൽ പാലോട്, നേതാക്കളായ സൈനുൽ ആബിദീൻ, സലീം മാഹി എന്നിവരുടെ അക്ഷീണ പ്രയത്‌ന ഫലമായാണ് വിമാനത്തിന് അനുമതി ലഭിച്ചത്. എയർപ്പോർട്ടിലെ യാത്രാ സംബന്ധമായ കാര്യങ്ങളും പരിശോധനയുമെല്ലാം പ്രയാസരഹിതമായി നടന്നുവെന്ന് യാത്രികരും 'പ്രവാസി' പ്രവർത്തകരുമായ അസ്‌ലം-സൽമാ ദമ്പതികൾ അറിയിച്ചു.