മദീന- മദീന കെ.എം.സി.സിയുടെ നേതൃത്വത്തിൽ മദീനയിൽനിന്നും ചാർട്ടർ ചെയ്ത ആദ്യ വിമാനത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 255 പ്രവാസികൾ ഇന്നലെ കൊച്ചിയിലെത്തി. ഇന്നലെ രാവിലെ 6.15 ന് മദീന അന്താരാഷ്ട്ര വിമാനത്തിൽ നിന്നും പുറപ്പെട്ട വിമാനം ഉച്ചക്ക് ഇന്ത്യൻ സമയം രണ്ട് മണിയോടെയാണ് കൊച്ചി വിമാനത്താവളത്തിൽ ഇറങ്ങിയത്.
കോവിഡ് പാശ്ചാതലത്തിൽ പ്രവാചകനഗരിയിൽനിന്ന് പുറപ്പെട്ട ആദ്യ ചാർട്ടേഡ് വിമാനമായിരുന്നു ഇത്. മദീനയിലും പരിസര പ്രദേശങ്ങളിലുമുള്ള ഒട്ടേറെ പ്രവാസികൾക്ക് ഈ വിമാനം വളരെയേറെ സൗകര്യമായി. പ്രായമുള്ളവരും, രോഗികളും, ഗർഭിണികളും, കുട്ടികളും ഫൈനൽ എക്‌സിറ്റ് അടിച്ചിട്ടും നാട്ടിൽ പോവാൻ കഴിയാതിരുന്നവരുമായിരുന്നു യാത്രക്കാരിൽ ബഹുഭൂരിപക്ഷവും.
യാത്രക്കാരെല്ലാം ശനിയാഴ്ച രാത്രി തന്നെ മദീന എയപ്പോർട്ടിലെത്തി എമിഗ്രേഷൻ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിരുന്നു. കൊച്ചിയിൽ എത്തിയ യാത്രക്കാർ നടപടിക്രമങ്ങൾ പൂർത്തികരിച്ച് അവരവരുടെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് തിരിച്ചതായി കെ.എം.സി.സി നേതാക്കൾ പറഞ്ഞു.
കെ.എം.സി.സി നേതാക്കളായ സൈത് മൂന്നിയൂർ, ഗഫൂർ പട്ടാമ്പി, ശെരീഫ് കാസർകോട്, ഹംസ പെരിമ്പലം, ഫസലുറഹ്മാൻ, നഫ്‌സൽ മാസ്റ്റർ, ഒ.കെ. റഫീക്ക്, സെക്കീർ ബാബു, മഹബൂബ്, അഹമ്മദ് മുനമ്പം, ഷാനവാസ് ചോക്കാട്, നവാസ് നേര്യമംഗലം, മുജീബ് കോതമംഗലം അഷറഫ് അഴിഞ്ഞിലം, അഷറഫ് ഒമാനൂർ, ഫൈസൽ വെളിമുക്ക്, സെമീഹ മഹബൂബ്, ഷെമീറ നഫ്‌സൽ, എന്നിവർ മദീന വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ട സഹായങ്ങൾ നൽകാനുണ്ടായിരുന്നു.