ജിദ്ദ- മനുഷ്യൻ പരിസ്ഥിതിയുമായി ചേർന്ന് പ്രവർത്തിക്കണമെന്നും അതിനായി കഠിനാധ്വാനം നടത്തണമെന്നും സാമൂഹ്യ പ്രവർത്തകൻ ഗോപിനാഥ് നെടുങ്ങാടി ആവശ്യപ്പെട്ടു. തനിമ ജിദ്ദ നോർത്ത് സോൺ ജൂൺ അഞ്ചുമുതൽ 25 വരെ നടത്തിവന്ന 'പരിസ്ഥിതിയുടെ സുസ്ഥിതിക്കായ് നാമൊന്നിച്ചൊരുമിച്ച്' ക്യാമ്പയിൻ സമാപന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ചരിത്രത്തിൽ പ്രമുഖരായ പരിസ്ഥിതി പ്രവർത്തകരുടെ ജീവിത പോരാട്ടങ്ങൾ പരിശോധിക്കുകയാണെങ്കിൽ സ്വന്തത്തെ മറന്ന് സമൂഹത്തെ സംരക്ഷിക്കാൻ മുന്നിട്ടിറങ്ങിയവരായിരുന്നു അവരെന്ന് കാലങ്ങൾ സാക്ഷ്യം വഹിക്കുന്നതായി നമുക്ക് ബോധ്യപ്പെടും. ഓരോ വേദഗ്രന്ഥങ്ങളിലും പ്രകൃതിയെക്കുറിച്ച് നടത്തുന്ന മഹത്തായ പരാമർശങ്ങൾ അതിനോട് നാം പുലർത്തേണ്ടുന്ന ബാധ്യതയെക്കുറിച്ച് ബോധ്യപ്പെടുത്തുന്നതാണ്. അതിനെതിരായി പ്രവർത്തിച്ച് പ്രപഞ്ചത്തിലെ സന്തുലിതാവസ്ഥയെ നഷ്ടപ്പെടുത്തുന്നവരായി മാറുന്നതാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കെ.ടി.എ. മുനീർ, ഒ.ഐ.സി.സി, ഡോ. ജയശ്രീ മൂർത്തി, സൈഫു വണ്ടൂർ, കൃഷി ഗ്രൂപ്പ് ജിദ്ദ, അബൂബക്കർ അരിമ്പ്ര, കെ.എം.സി.സി, ഷഫീഖ് മേലാറ്റൂർ എന്നിവർ ആശംസ നേർന്നു. സഹീർ കവിതയും നഹാ ഫാത്തിമ ഗാനവും അവതരിപ്പിച്ചു. ക്യാമ്പയിൻ സമാപന സന്ദേശം തനിമ കേന്ദ്ര പ്രസിഡന്റ് കെ.എം. ബഷീർ നടത്തി.
ക്യാമ്പയിൻ കൺവീനർ മുഹമ്മദ് അലി പട്ടാമ്പി അധ്യക്ഷത വഹിച്ചു. ദുൽകിഫിൽ ഖിറാഅത്ത് നടത്തി. കെ.കെ. നിസാർ സ്വാഗതവും തനിമ ജിദ്ദ നോർത്ത് സെക്രട്ടറി മുഹമ്മദ് ഇസ്മാഈൽ നന്ദിയും പറഞ്ഞു.