റിയാദ് - റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ കോഴിക്കോടൻസ് @ റിയാദ് ഇറാം ഗ്രൂപ്പുമായി ചേർന്നൊരുക്കിയ സൗദി എയർലൈൻസ് ചാർട്ടേഡ് വിമാനം 265 യാത്രക്കാരുമായി കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. കോവിഡ് പ്രോട്ടോകോൾ പ്രകാരമുള്ള സാമൂഹിക അകലം പാലിച്ചും എല്ലാ മുൻകരുതലുകളോടെയും യാത്രക്കാർക്ക് ഭക്ഷണം നൽകിയും ആണ് സൗദി എയർലൈൻസ് ചാർട്ടേർഡ് വിമാന സർവീസ് നടത്തുന്നത്. എക്‌സിറ്റ് വിസയിൽ സൗദി അറേബ്യയിലെ ദീർഘകാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് വരുന്നവർക്കും മറ്റും ഏറെ ഉപകാരപ്രദമായ രീതിയിൽ 43 കിലോ ബാഗേജും അനുവദിച്ചാണ് സർവീസ്.
കോവിഡ് കാല ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോടൻസ് നൽകിയ സൗജന്യ ടിക്കറ്റുകൾ ഉപയോഗപ്പെടുത്തി യാത്ര ചെയ്യുന്നവരും ഈ വിമാനത്തിലുണ്ടായിരുന്നതായി കോ ഓർഡിനേറ്റർമാരായ ഫൈസൽ പൂനൂർ, അബ്ബാസ് വി.കെ, മുനീബ് പാഴൂർ എന്നിവർ അറിയിച്ചു. ഡയാലിസിസ് അടക്കമുള്ള അടിയന്തര വൈദ്യ സഹായം ലഭിക്കേണ്ടവരെയും വിസ കാലാവധി കഴിഞ്ഞ് ദീർഘകാലമായി സൗദിയിൽ കുടുങ്ങിയവരും ഈ വിമാനത്തിൽ നാടണഞ്ഞു.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്കുള്ള എല്ലാ മാർഗനിർദേശങ്ങളുമായി കോഴിക്കോടൻസ് ഭാരവാഹികളും സാമൂഹ്യ പ്രവർത്തകരായ അഷ്‌റഫ് വേങ്ങാട്ട്, മുജീബ് ഉപ്പട എന്നിവരും ഇറാം ഗ്രൂപ്പിന്റെ ലിജോ ജോയ്, അഹമ്മദ് ഫലാഹ്, ഫൈസൽ കച്ചേരിത്തൊടു എന്നിവരും ഉണ്ടായിരുന്നു.