ജിദ്ദ- തീവ്ര കപട ദേശീയത ഉയർത്തിപ്പിടിച്ച് അധികാരത്തിൽ വന്ന സംഘപരിവാർ ഭരണകൂടം രാജ്യത്തെ അധഃസ്ഥിത ന്യൂനപക്ഷ വിഭാഗങ്ങളെ ആട്ടിപ്പായിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമമാണ് ഇന്ത്യയിൽ നടത്തുന്നതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി തുളസീധരൻ പള്ളിക്കൽ പറഞ്ഞു. ഇന്ത്യാ മഹാരാജ്യത്തിന്റെ യഥാർത്ഥ അവകാശികളായ ദളിതരെയും ആദിവാസികളെയും മറ്റു പാർശ്വവൽക്കരിക്കപ്പെട്ടവരെയും ഒരിക്കലും ഉയിർത്തെഴുന്നേൽക്കാൻ പറ്റാത്ത വിധം ചവിട്ടിമെതിച്ചുകൊണ്ടാണ് സംഘപരിവാരം ഉന്മാദ നൃത്തമാടുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി 'ചരിത്രവും സമകാലിക ഇന്ത്യയും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓൺലൈൻ വെബ്‌നാറിൽ വിഷയമവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിന്റെ രൂപീകരണത്തോടെയാണ് ഇന്ത്യയിൽ വംശീയത ഉടലെടുത്തതെന്ന അബദ്ധ ധാരണ തിരുത്തപ്പെടേണ്ടതാണ്. പുലയനും പറയനും ചെറുമനും കണക്കനുമടക്കമുള്ള കീഴാള സമൂഹത്തെ ചേർത്ത് പിടിച്ച് കാപട്യത്തിന്റെ മുഖംമൂടിയിട്ടു ഹിന്ദുക്കൾ ഒന്നാണെന്ന വ്യാജ ചരിത്രം സൃഷ്ടിക്കാനാണ് സംഘപരിവാർ പദ്ധതി. 2014 മുതൽ രാജ്യത്തു ഹിംസാത്മക ഭരണകൂടം രാജ്യത്തിന്റെ പൂർണാവകാശം പിടിച്ചടക്കാനുള്ള തത്രപ്പാടിലാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ബ്രിട്ടീഷ് അധിനിവേശ സേനക്കെതിരെ നെഞ്ചു വിരിച്ചു നിന്ന് പോരാടാൻ തയാറായ ജനവിഭാഗമാണ് ഇന്ത്യയിലെ മുസ്‌ലിംകൾ. പറങ്കികൾക്കെതിരെയും വെള്ളക്കാർക്കെതിരെയും തങ്ങളുടെ സർവതും ത്യജിച്ചു രക്തസാക്ഷ്യം വഹിക്കാൻ തയാറായ മുസ്‌ലിംകളെപ്പോലുള്ള മറ്റൊരു വിഭാഗത്തെ ചരിത്രത്തിൽ കാണാനാവില്ല. കീഴാള വർഗം സവർണ ജന്മിത്തമ്പുരാക്കന്മാരുടെ ആട്ടും തൂപ്പും സഹിച്ചു കഴിഞ്ഞുകൂടിയ കാലഘട്ടത്തിൽ അവർക്കു സംരക്ഷണ വലയമായി നിന്നതും ജാതീയതയേൽക്കാത്ത മുസ്‌ലിം സമൂഹമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരളാ സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി സ്വാഗതം പറഞ്ഞു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുൽ ഗനി മലപ്പുറം ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കമ്മിറ്റി ജനറൽ സെക്രട്ടറി കോയിസ്സൻ ബീരാൻ കുട്ടി, അശ്‌റഫ് സി.വി, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഷാഫി കോണിക്കൽ, ഷാഹുൽ ചേളാരി എന്നിവർ പരിപാടി നിയന്ത്രിച്ചു.