ഈരാറ്റുപേട്ട - പി.സി. ജോർജിന്റെ യു.ഡി.എഫ് പ്രവേശനവുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ചർച്ചയ്ക്ക് വന്ന കോൺഗ്രസ് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. വാഴയ്ക്കനും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്ക് തർക്കവും ഉണ്ടായി.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ഐ ഗ്രൂപ്പ് നേതാവ് നിയാസ് വെള്ളൂപ്പറമ്പിലിന്റെ വീട്ടിൽ ഐ ഗ്രൂപ്പ് യോഗം ചേർന്നത്. ജോസഫ് വാഴയ്ക്കൻ, ഫിലിപ്പ് ജോസഫ്, ബിജു പുന്നത്തനം എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. പി.സി. ജോർജിന്റെ യു.ഡി.എഫ് പ്രവേശം ചർച്ച ചെയ്യാനാണ് ഐ ഗ്രൂപ്പ് യോഗം ചേർന്നതെന്നും ഇക്കാര്യത്തിൽ ജോർജിന് പ്രാദേശിക പിന്തുണ ഉറപ്പാക്കാനാണ് ജോസഫ് വാഴയ്ക്കൻ എത്തിയതെന്നുമാണ് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്.
യോഗം കഴിഞ്ഞിറങ്ങിയ ജോസഫ് വാഴയ്ക്കന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയായിരുന്നു. ഏറെ നേരം വാക്കേറ്റവും വാഴയ്ക്കനൊപ്പമെത്തിയ പ്രവർത്തകനുമായി നേരിയ ഉന്തും തള്ളുമുണ്ടായി.
അതേ സമയം പി.സി. ജോർജിനെ യു.ഡി.എഫിൽ എടുക്കുന്ന വിഷയത്തിൽ പൂഞ്ഞാർ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം കോൺഗ്രസ്-മുസ്‌ലിം ലീഗ് പ്രവർത്തകരും എതിർപ്പുമായി രംഗത്തുണ്ട്. വലിയ തോതിലുള്ള പ്രതിഷേധമാണ് ഇവർ സോഷ്യൽമീഡിയയിലൂടെ ഉയർത്തുന്നത്.