ഷാര്‍ജ- കോവിഡ് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തിന് വഴിമുടക്കില്ല. പുസ്തകോത്സവ വേദിയായ ഷാര്‍ജ എക്‌സ്‌പോ സെന്ററിലെ 14,625 ചതുരശ്ര മീറ്റര്‍ പ്രദര്‍ശന സ്ഥലം വിറ്റഴിച്ചു തുടങ്ങിയതായി സംഘാടകരായ ഷാര്‍ജ ബുക്ക് അതോറിറ്റി അറിയിച്ചു. നവംബറില്‍ നടക്കാനിരിക്കുന്ന ഷാര്‍ജാ ബുക്ക് ഫെയര്‍ 2020 ലെ പതിപ്പിനായി ലോകമെമ്പാടുമുള്ള പ്രസാധകര്‍ ഇതിനകം സ്ഥലം സ്വന്തമാക്കിക്കഴിഞ്ഞു.
ലോകമെമ്പാടുമുള്ള വ്യവസായ ുപ്രൊഫഷനലുകള്‍ക്ക്, മധ്യപൂര്‍വദേശം, ഏഷ്യ മേഖലകളിലെ വാണിജ്യ, ഉപഭോക്തൃ സാധ്യതകള്‍ മനസിലാക്കാനുള്ള പ്രധാന അവസരമാണ് എസ്.ഐ.ബി.എഫ്. മേളയുടെ സംഘാടകര്‍ ഫെബ്രുവരിയിലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ അതീവ താല്‍പര്യമാണ് 38 വര്‍ഷമായി മുടങ്ങാതെ രാജ്യാന്തര പുസ്തകമേള നടക്കാന്‍ കാരണം.
11 ദിവസം നീളുന്ന അക്ഷരോത്സവം അറിവും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുകയാണെന്ന് ചെയര്‍മാന്‍ അഹമ്മദ് ബിന്‍ റക്കാദ് അല്‍ അമേരി പറഞ്ഞു.