Sorry, you need to enable JavaScript to visit this website.

ജിദ്ദ കോൺസൽ ജനറലിന്  ഹൃദ്യമായ യാത്രയയപ്പ്

ഐ.പി.ഡബ്ലിയു.എഫിന്റെ നേതൃത്വത്തിൽ നടന്ന യാത്രയയപ്പിൽ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സംസാരിക്കുന്നു. 

ജിദ്ദ- ഇന്ത്യൻ കോൺസുലേറ്റിലെ സേവനം പൂർത്തിയാക്കി ദൽഹി വിദേശ മന്ത്രാലയത്തിലേക്കു മടങ്ങുന്ന കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന് ഇന്ത്യൻ പിൽഗ്രിംസ് വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം കോൺസൽ ജനറൽ പദവിയലങ്കരിച്ചയാൾ എന്ന ബഹുമതിയോടെയാണ് മുഹമ്മദ് നൂർ റഹ്മാൻ ശൈഖിന്റെ മടക്കം. 
2016 ജൂണിൽ സി.ജിയായി ചുമതലയേൽക്കുന്നതിനു മുമ്പ് 2012 ഏപ്രിൽ മുതൽ 2015 ഒക്ടോബർ വരെ ഹജ് കോൺസലും ഡപ്യൂട്ടി കോൺസൽ ജനറലുമായിരുന്നു. യു.എന്നിലെ ചെറിയൊരു കാലത്തെ സേവനമൊഴിച്ചാൽ എട്ടു വർഷത്തോളം ജിദ്ദ കോൺസുലേറ്റിലായിരുന്നു.


ജിദ്ദയിലെ സേവന കാലം ജീവിതത്തിലെ സുവർണകാലമായാണ് കരുതുന്നതെന്നും പത്തു ലക്ഷത്തോളം വരുന്ന പടിഞ്ഞാറൻ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ദൈനംദിന കാര്യങ്ങളിലും, 13 ലക്ഷത്തോളം ഇന്ത്യൻ ഹാജിമാർക്ക് ഹജ് വേളയിൽ സേവനം നൽകുന്നതിനും കഴിഞ്ഞതിലുള്ള നിറഞ്ഞ സംതൃപ്തിയോടുകൂടിയാണ് ജിദ്ദയോട് വിടപറയുന്നതെന്ന് മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു. കഴിയുന്നതും വേഗത്തിൽ ഏതു പ്രശ്‌നത്തിലും ഇടപെട്ട് പരിഹാരം കാണുകയെന്നതായിരുന്നു പ്രവർത്തന ശൈലി. അതിനായി ഉറക്കം മൂന്നു മണിക്കൂറായി കുറച്ച പല സന്ദർഭങ്ങളുമുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


ഇന്ത്യ-സൗദി ബന്ധം കൂടുതൽ ശക്തമാക്കുന്നതിലും സൗദിയുടെ രണ്ടാമത് ബിസിനസ് പങ്കാളിയായി ഇന്ത്യ മാറുന്നതിൽ ഭാഗഭാക്കാവാൻ കഴിഞ്ഞതും അവിസ്മരണീയമാണ്. ഇന്ത്യയുടെ ഹജ് സേവനങ്ങൾക്ക് സൗദി അധികൃതരിൽനിന്ന് പ്രശംസ പിടിച്ചു പറ്റാൻ കഴിഞ്ഞു. സാധാരണക്കാരുടെ ഏതു പ്രശ്‌നങ്ങൾക്കും അതിവേഗം പരിഹാരം കാണാൻ ശ്രമിച്ചിട്ടുണ്ട്. ആർക്കും ഏപ്പോഴും കോൺസുലേറ്റിനെ സമീപിക്കാവും വിധം 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രവാസി ഭാരതീയ സേവാ കേന്ദ്രം തുറന്നതും പാസ്‌പോർട്ട് സേവനങ്ങൾ ഒരു പ്രവൃത്തി ദിവസത്തിനകം നൽകുംവിധം വേഗത്തിലാക്കുന്നതിനും കഴിഞ്ഞു. ഇന്ത്യൻ സമൂഹത്തിന്റെ തൊഴിൽ പ്രശ്‌നങ്ങളിൽ ഒട്ടേറെ ഇടപെടലുകൾ നടത്താനായി. വന്ദേഭാരത് പദ്ധതി ഉൾപ്പടെയുള്ള സേവനങ്ങളിലും ചുക്കാൻ പിടിക്കാൻ കഴിഞ്ഞു. അഞ്ചു തവണ കഅ്ബ കഴുകൽ ചടങ്ങിൽ പങ്കാളിയാവാനായി. ഇന്ത്യൻ സമൂഹത്തിന്റെയും സഹപ്രവർത്തകരുടെയും അകമഴിഞ്ഞ പിന്തുണയാണ് മികച്ച സേവനം കാഴ്ചവെക്കുന്നതിന് സഹായിച്ചതെന്നു കോൺസൽ ജനറൽ പറഞ്ഞു. 


കോൺസുലേറ്റിൽ നടന്ന ചടങ്ങിൽ അയ്യൂബ് ഹക്കീം അധ്യക്ഷത വഹിച്ചു. ഹജ് കോൺസലും ഡപ്യൂട്ടി കോൺസൽ ജനറലുമായ വൈ. സാബിർ, വൈസ് കോൺസൽമാരായ ആസിഫ് സഈദ്, മാലതി ഗുപ്ത, സംഘടനാ പ്രതിനിധികളായ അസീസ് കിദ്വായ്, സലാഹ് കാരാടൻ, സിറാജ്, വി.പി. മുസ്തഫ, സാക്കിർ ഹുസൈൻ എടവണ്ണ, ഫിയാസുദ്ദീൻ, ഖാദർ ഖാൻ, മുസാഫിർ, പി.എം. മായിൻകുട്ടി, ജലീൽ കണ്ണമംഗലം, കമാൽ സാദ, അസിഫ് ദാവൂദി, യൂനുസ് ഹാഷ്മി തുടങ്ങിയവർ ആശംസകൾ നേർന്നു. സയ്യിദ് നാസർ ഖുർഷിദ് പരിപാടി നിയന്ത്രച്ചു. ഐ.പി.ഡബ്ലിയു.എഫിന്റെ മെമന്റോ അയ്യൂബ് ഹക്കീം, നാസർഖുർഷിദ്, അസീസ് കിദ്വായ് എന്നിവരും ജിദ്ദ ഇന്ത്യൻ മീഡിയാ ഫോറത്തിന്റെ മെമന്റോ ജലീൽ കണ്ണമംഗലം, സാദിഖലി തുവ്വൂർ എന്നിവരും സമ്മാനിച്ചു. ഹജിന് മികച്ച പ്രവർത്തനം കാഴ്ചവെച്ച സംഘടനകൾക്കുള്ള സർട്ടിഫിക്കറ്റുകൾ കോൺസൽ ജനറൽ വിതരണം ചെയ്തു. ബോബി മാനാട്ട്, ഇഖ്ബാൽ തുടങ്ങിയ കോൺസുലേറ്റ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. 

Latest News