തൊടുപുഴ- യുഡിഎഫില്‍ നിന്ന് പുറത്തായ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യാന്‍ ജൂലൈ എട്ടിന് യോഗം ചേരും. പാര്‍ട്ടിയുടെ അടിയന്തര സ്റ്റിയറിങ് കമ്മറ്റിയോഗമാണ് ചേരുന്നത്. ഈ യോഗത്തില്‍ സിപിഐഎമ്മിന്റെ മുന്നണിയിലേക്കുള്ള ക്ഷണം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് വിവരം. മുന്നണി പ്രവേശം സംബന്ധിച്ച തീരുമാനം വൈകരുതെന്ന സിപിഐഎം നേതാക്കളുടെ നിലപാടിനെ തുടര്‍ന്നാണ് കാര്യങ്ങള്‍ ത്വരിതഗതിയില്‍ ചര്‍ച്ച ചെയ്യുന്നത്.
കൂടാതെ കേരളാ കോണ്‍ഗ്രസിന്റെ അധികാരത്തര്‍ക്കത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി ജൂലൈ ഏഴിനാണ്. ചിഹ്നവും ഔദ്യോഗിക പാര്‍ട്ടിയും ഏത് വിഭാഗത്തിന്റേതാണെന്ന തീരുമാനമാണ് അന്നേദിവസം പ്രഖ്യാപിക്കുക.ഇക്കാര്യങ്ങളും അടിയന്തര യോഗത്തില്‍ ചര്‍ച്ചയാകും. ഏത് മുന്നണിയിലേക്കാണെന്ന കാര്യം ഉടന്‍ തീരുമാനിക്കണമെന്നും അക്കാര്യം അറിയിച്ചാല്‍ പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നും കഴിഞ്ഞ ദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.