കൊച്ചി- നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച സംഘം നടിയുടെ വീട്ടിലേക്ക് വ്യാജ സിനിമാ നിർമാതാവിനേയും അയച്ചതായി അന്വേഷണ സംഘം കണ്ടെത്തി. മലയാള സിനിമയിലെ ഒരു പ്രമുഖ നിർമാതാവ് എന്ന വ്യാജേന എത്തിയത് കോട്ടയം സ്വദേശി. ഇയാളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുകയാണ്. സിനിമാ നിർമാതാവിനെ മുൻനിർത്തി പണം തട്ടാനായിരുന്നു ശ്രമമെന്നു സംശയിക്കുന്നു.
കോട്ടയം സ്വദേശി രാജുവാണ് പോലീസ് കസ്റ്റഡിയിലുള്ളത്. സൗണ്ട് ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന ജോലിയാണ് ഇയാൾക്ക്. സിനിമ നിർമാണവുമായി രാജുവിനു ബന്ധമില്ല. ഷംനയുടെ വീട്ടിൽ രാജു എന്തിനു വന്നു എന്നതിൽ വ്യക്തത ഉണ്ടാക്കാൻ പോലീസ് ശ്രമിക്കുകയാണ്. ഇതേ പേരിൽ മലയാള സിനിമയിലുള്ള ഒരു മുതിർന്ന നിർമാതാവ് നടിയുടെ മൊഴിയെ തുടർന്നു സംശയത്തിന്റെ നിഴലിലായിരുന്നു. ജൂൺ 20നാണ് രാജു നിർമാതാവ് എന്ന വ്യാജേന ഷംന കാസിമിന്റെ മരടിലെ വീട്ടിലെത്തിയത്. ജൂൺ മൂന്നിനു വിവാഹത്തട്ടിപ്പ് സംഘം വീട്ടിൽ വന്നു പോയ ശേഷമായിരുന്നു ഇത്. നടി ആ സമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഷംന ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ ഇവിടെ എത്തിയതെന്നാണ് നിർമാതാവ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ ഷംന ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നാണ് വീട്ടുകാരെ അറിയിച്ചത്. ഇതോടെയാണ് ബ്ലാക്ക് മെയിലിംഗ് കേസിൽ നിർമാതാവിൻറെ പങ്കിനെക്കുറിച്ച് ഷംനയ്ക്ക് സംശയം തോന്നിയത്. കേസുമായി ബന്ധപ്പെട്ട് ഒരു സിനിമാ നിർമാതാവിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് ഇന്നലെ രാവിലെ ഐജി വിജയ് സാഖറെ വെളിപ്പെടുത്തിയിരുന്നു. വിവാഹത്തട്ടിപ്പു കേസിലെ പ്രതികൾ വീടു സന്ദർശിച്ചതിനു പിന്നാലെ ഈ നിർമാതാവ് വീട്ടിലെത്തിയതായ ഷംനയുടെ മൊഴിയെ തുടർന്നായിരുന്നു ഇത്. അതിനിടെ ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ കാസർകോട് സ്വദേശിയായ ടിക്ടോക് താരം യാസിറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഷംനയ്ക്ക് വിവാഹമാലോചിക്കാൻ പ്രതികൾ ഉപയോഗിച്ചതു ദുബായിൽ ജോലി ചെയ്യുന്ന യാസിറിന്റെ ചിത്രമായിരുന്നു. കേസുമായി ബന്ധവുമില്ലെന്നും പ്രതികളെ അറിയില്ലെന്നും യാസിർ മൊഴി നൽകി. ടിക് ടോക്കിൽ സജീവമായിരുന്നില്ലെന്നും നേരംപോക്കിനു ചില വീഡിയോകൾ പോസ്റ്റ് ചെയ്യുകയായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. ഇയാൾക്ക് തട്ടിപ്പു സംഘവുമായി ഏതെങ്കിലും ബന്ധമുള്ളതായി പൊലീസിന് ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ല. യാസിറിൻറെ ടിക് ടോക് ദൃശ്യങ്ങൾ അയച്ചു കൊടുത്ത ശേഷം അൻവർ എന്ന വ്യാജപേരിലാണ് കേസിലെ ഒന്നാംപ്രതി റഫീക്ക് നടിയുമായി മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നത്.
ദുബായിൽ ഷൂ മൊത്തവ്യാപാര ബിസിനസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യാസിർ കോവിഡ് ലോക്ഡൗണിനെ തുടർന്ന് നാലു മാസം മുൻപാണ് നാട്ടിലെത്തിയത്. തന്നെ പൊലീസ് വിളിപ്പിച്ചതിനാലാണ് വന്നതെന്നും അൻവർ എന്ന ആളെ പരിചയമില്ലെന്നും യാസിർ വ്യക്തമാക്കി.