ഇടുക്കി-പീഡന കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയുടെ പണം തട്ടിയെടുത്ത സംഭവത്തിൽ അഭിഭാഷകൻ ഉൾപ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി ബാറിലെ അഭിഭാഷകനായ അടിമാലി ചാറ്റുപാറ മറ്റപ്പിള്ളിൽ ബെന്നി മാത്യു (56), പടികപ്പ് പരിശകല്ല് ചവറ്റു കുഴിയിൽ ഷൈജൻ (43), പടി കപ്പ് തട്ടായത്ത് ഷെമീർ (38), കല്ലാർകൂട്ടി കത്തിപ്പാറ പഴക്കാളിയിൽ ലതാ ദേവി (32) എന്നിവരെയാണ് അടിമാലി സി.ഐ.അനിൽ ജോർജിന്റെ നേത്യത്വ
ത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. അടിമാലിയിൽ ചെരുപ്പ് കട നടത്തുന്ന വിജയനെയാണ് കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ഭീഷണിപ്പെടുത്തി 1.37 ലക്ഷം രൂപ തട്ടിയെടുത്തത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്- കഴിഞ്ഞ ജനുവരി 27ന് ഒന്നാം പ്രതി ലത, വിജയന്റെ വീട്ടിൽ എത്തി.വിജയന്റെ ബന്ധുവിന്റെ 9.5 സെന്റ് സ്ഥലം വാങ്ങാൻ എന്ന പേരിലാണ് ലത അവിടെ എത്തിയത്. സ്ഥലം വിൽപന സംസാരിക്കുന്നതിനിടെ വിജയനുമായി അടുത്തിടപഴകുന്ന ചിത്രങ്ങൾ വിജയൻ അറിയാതെ തന്റെ ഫോണിൽ ലത തന്ത്രപൂർവ്വം പകർത്തി. തുടർന്ന് ലത വീട്ടിൽ നിന്ന് പോയി.
ഫെബ്രുവരി 4ന് റിട്ടയേർഡ് ഡിവൈ.എസ്.പി. എന്ന് പരിചയപ്പെടുത്തി ഷൈജൻ വിളിച്ച് വിജയനെ ഭീഷണിപ്പെടുത്തി.വീട്ടിൽ എത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും അതിനുള്ള തെളിവ് കൈവശം ഉണ്ടെന്നും അറിയിച്ചു. സംഭവം ഒതുക്കി തീർക്കുന്നതിന് ഏഴര ലക്ഷം രൂപ വേണമെന്നും പറഞ്ഞു. അല്ലാത്ത പക്ഷം പീഡന കേസിൽപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി.
ഈ തുക രണ്ടാം പ്രതി ബെന്നിയെ ഏൽപിക്കുവാനും നിർദേശിച്ചു. ഫെബ്രുവരി 5ന് 70000 രൂപയുമായി വിജയൻ ബെന്നിയുടെ ഓഫീസിൽ എത്തി.ഡിവൈ.എസ്.പി. വിളിച്ച് പറഞ്ഞ പണമല്ലെ എന്ന് പറഞ്ഞ് ബെന്നി പണം വാങ്ങിയതായി പോലീസ് പറഞ്ഞു.പിന്നീട് പലപ്പോഴായി പ്രതികൾ വിജയനെ ഭീഷണിപ്പെടുത്തി ആകെ 1.37 ലക്ഷം രൂപ വാങ്ങിയെടുത്തതായി പോലീസ് പറഞ്ഞു.
ഫെബ്രുവരി 10ന് കേസിലെ മറ്റൊരു പ്രതിയായ ഷെമീറിന്റെ വാഹനത്തിൽ വിജയനെ കൊണ്ടുവന്ന് ബെന്നിയുടെ ഓഫീസിൽ വെച്ച് മൂന്നു ചെക്കിലായി ഏഴ് ലക്ഷം രൂപയും ബലമായി എഴുതി വാങ്ങിയതായും പോലീസ് പറഞ്ഞു. ഭീഷണി തുടർന്നതോടെ വിജയൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
ഇതിനിടെ പതിനാലാം മൈൽ സ്വദേശിയെ പീഡന കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഈ സംഘം 25000 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ വെള്ളിയാഴ്ച വൈകുന്നേരം മറ്റൊരു കേസും പ്രതികൾക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തു. തട്ടിപ്പിന് ഇരയായ കൂടുതൽ പേർ അടുത്ത ദിവസങ്ങളിൽ പരാതിയുമായി എത്തുമെന്നാണ് വിവരം. 2017 സെപ്റ്റംബർ 18ന് കല്ലാർകുട്ടിയിൽ പോസ്റ്റ്മാനെ ഭീഷണിപ്പെടുത്തി 70000 രൂപ തട്ടിയെടുത്തത് ലതയും ഷൈജനും ചേർന്നാണെന്ന് പോലീസ് പറഞ്ഞു. പ്രതികളെ ശനിയാഴ്ച കോടതിയിൽ ഹാജരാക്കും.