പാലക്കാട്- ചൈനീസ് ഉൽപന്നങ്ങൾക്കുള്ള വിലക്ക്, കഞ്ചിക്കോട് വ്യവസായ മേഖല ആശങ്കയിൽ. ചൈനീസ് സാധനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള തീരുമാനം കർശനമായി നടപ്പിലാക്കിയാൽ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖലയായ കഞ്ചിക്കോട്ട് 300 ഓളം സ്ഥാപനങ്ങളുടെ നിലനിൽപ്പ് അപകടത്തിലാവുമെന്ന് കഞ്ചിക്കോട് ഇന്റസ്ട്രീസ് ഫോറം ജനറൽ സെക്രട്ടറി ആർ. കിരൺകുമാർ പറഞ്ഞു. ബദൽ സംവിധാനങ്ങളൊരുക്കാതെ തീരുമാനം നടപ്പിലാക്കുന്നത് ആത്മഹത്യാപരമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചൈനീസ് ഉൽപന്നങ്ങൾക്ക് ഇതിനകം തന്നെ അപ്രഖ്യാപിത വിലക്ക് നിലവിൽ വന്നുവെന്നും പ്രശ്‌നപരിഹാരത്തിന് അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ ഉണ്ടാക്കുന്ന കമ്പനികളെയാണ് ചൈനീസ് സാധനങ്ങളുടെ വരവ് നിന്നത് ഏറെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. ഈ സ്ഥാപനങ്ങളിലുപയോഗിക്കുന്ന യന്ത്രങ്ങളും അസംസ്‌കൃതവസ്തുക്കളും എല്ലാം വരുന്നത് ചൈനയിൽ നിന്നാണ്. ആ രാജ്യത്ത് നിന്ന് വരുന്ന വസ്തുക്കൾ യൂറോപ്യൻ മാർക്കറ്റിൽ ലഭ്യമാണെങ്കിലും വില വളരെ കൂടുതലാണ്. പ്ലാസ്റ്റിക്ക് ഉൽപന്നങ്ങളുണ്ടാക്കുന്ന യന്ത്രത്തിന് ചൈനീസ് മാർക്കറ്റിലേതിനേക്കാൾ ശരാശരി അഞ്ച് മടങ്ങ് വില യൂറോപ്യൻ മാർക്കറ്റിൽ കൂടുതലാണെന്നാണ് ആ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. ലോക്ഡൗൺ ഏൽപിച്ച ആഘാതത്തിൽ നിന്ന് കരകയറാൻ ശ്രമിക്കുന്ന സ്ഥാപനങ്ങൾക്ക് താങ്ങാവുന്നതിലും അധികം സാമ്പത്തിക ബാധ്യത ക്ഷണിച്ചു വരുത്തുന്നതാണ് ചൈനീസ് ഉൽപന്നങ്ങൾക്കുള്ള നിരോധനം എന്ന് അവർ പറയുന്നു.
വിഷയം ഉയർത്തിക്കൊണ്ടു വരുന്നതിന് ആവശ്യമായ വേദികൾ ഇല്ലാത്തതാണ് കഞ്ചിക്കോട്ടെ സംരംഭകരെ ഏറെ വിഷമിപ്പിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചൈനീസ് ഉൽപന്നങ്ങൾക്കു വേണ്ടി വാദിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെടുമെന്നത് അവരെ സമ്മർദത്തിലാഴ്ത്തുന്നുണ്ട്. 'ഈ വിഷയത്തിൽ കുറച്ചു കൂടി സാവകാശം നൽകുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാവേണ്ടത്. ഒറ്റയടിക്കുള്ള തീരുമാനങ്ങൾ ദോഷം ചെയ്യും. ചൈനയുമായുള്ള വ്യാപാരബന്ധം അഞ്ച് വർഷത്തിനുള്ളിൽ ഒരു നിശ്ചിത ശതമാനം കുറയ്ക്കുന്ന രീതിയിൽ വ്യക്തമായ നയം രൂപീകരിക്കുകയാണ് വേണ്ടത്. ഇന്ത്യയിലെ വ്യവസായമേഖലയിൽ ചൈനീസ് ഉൽപന്നങ്ങൾക്കുള്ള സ്വാധീനം അത്രയധികമാണ്. ആ യാഥാർഥ്യം അധികൃതർ ഉൾക്കൊള്ളണം' കിരൺകുമാർ അഭിപ്രായപ്പെട്ടു. സമാനമായ വികാരം മറ്റിടങ്ങളിലേയും വ്യവസായ സംരംഭകർക്കിടയിൽ ശക്തമാണെന്ന് അദ്ദേഹം പറയുന്നു.
പ്രശ്‌നത്തിൽ ഇനിയെന്താണ് ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ലോക്ഡൗണിനു ശേഷം കഞ്ചിക്കോട്ടെ വ്യവസായ സ്ഥാപനങ്ങൾ തിരിച്ചു വരവിന് പെടാപ്പാട് പെടുകയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ശരാശരി 40-60 ശതമാനം വരെയാണ് ഉൽപാദനം നടക്കുന്നുള്ളൂ. തൊഴിലാളികളേയും ഇത് ബാധിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരുമെന്ന് കിരൺകുമാർ പറഞ്ഞു. എം.പിമാരും എം.എൽ.എമാരും അടക്കമുള്ള ജനപ്രതിനിധികളുടേയും രാഷ്ട്രീയപ്പാർട്ടികളുടേയും പിന്തുണ ഇക്കാര്യത്തിൽ തേടാനാണ് തീരുമാനം.