റിയാദ്- കോവിഡ് രോഗ മുക്തരായവരുടെ പ്ലാസ്മ ഉപയോഗിച്ച് 100 ഓളം പേർക്ക് ചികിത്സ നൽകിയതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാന ആശുപത്രികളിലും ഗവേഷണ കേന്ദ്രങ്ങളിലുമുള്ള ഗവേഷകരാണ് ഇത്തരത്തിൽ പ്ലാസ്മ ചികിത്സ നടത്തിയത്. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന് ഭേദമായ 512 പേരിൽ നിന്നാണ് പ്ലാസ്മ ശേഖരിച്ചത്.
ഏതാനും ആശുപത്രികളിലെ രോഗികളിൽ പ്ലാസ്മ ചികിത്സ നടത്തുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നതാണ്. ഏപ്രിൽ ആദ്യവാരത്തിലാണ് പ്ലാസ്മ ചികിത്സക്ക് സൗദിയിൽ അനുമതി നൽകിയത്. നാഷനൽ ഗാർഡ് ആശുപത്രികൾ, കിംഗ് ഫൈസൽ സ്‌പെഷ്യലൈസ്ഡ് ആശുപത്രി, ആംഡ് ഫോഴ്‌സ്, യൂനിവേഴ്‌സിറ്റി കോളേജുകൾ, ജോൺ ഹോപ്കിൻ അറാംകോ എന്നിവിടങ്ങളിലാണ് പ്ലാസ്മ ചികിത്സ നടപ്പാക്കിയിട്ടുള്ളത്.
ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി രജിസ്റ്റർ ചെയ്‌തോ സാമൂഹിക മാധ്യമങ്ങൾ, ഫോൺ എന്നിവ വഴി ബന്ധപ്പെട്ടോ ആണ് കോവിഡ് മുക്തരായവർ പ്ലാസ്മ ദാനത്തിന് തയാറാവുന്നത്. രാജ്യത്തിനകത്തും പുറത്തും നിന്നായി 14,000 ത്തോളം പേർ പ്ലാസ്മ ദാനത്തിന് തയാറായിരുന്നു.
റിയാദ്, കിഴക്കൻ പ്രവിശ്യ, ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് പലരും നേരിട്ട് വന്ന് പ്ലാസ്മ ദാനം നടത്തിയത്. ദാതാക്കളുടെ ആരോഗ്യചരിത്രം, രോഗനിർണയം തുടങ്ങിയ വിവിധ ഘടകങ്ങൾ പരിശോധിച്ചാണ് പ്ലാസ്മ ശേഖരിക്കുക. ദാതാവിനെയും സ്വീകർത്താവിനെയും വിശദമായി പരിശോധിച്ചാണ് ചികിത്സയിലേക്ക് പ്രവേശിക്കുക. മന്ത്രാലയം വ്യക്തമാക്കി.
ഗവേഷണത്തിന്റെ ഭാഗമെന്നോണം ആശുപത്രിയിൽ ഏതാനും വ്യവസ്ഥകൾക്കനുസരിച്ച് ചികിത്സക്ക് വിധേയരായി ഭേദമായവരുടെ പ്ലാസ്മയും മറ്റുള്ളവരിൽ ചികിത്സക്കുപയോഗിച്ചിട്ടുണ്ട്.
കൃത്യമായ മരുന്നില്ലാത്തതിനാൽ പ്ലാസ്മ ചികിത്സ പ്രതിരോധമാർഗമായി സ്വീകരിക്കാവുന്നതാണ്. എന്നാൽ നേരത്തെ ഈ ചികിത്സാ രീതി നടപ്പാക്കിയ ചൈനയടക്കമുള്ള രാജ്യങ്ങൾ ക്ലിനിക്കൽ പഠനങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്തിയില്ല. സൗദിയിൽ പ്ലാസ്മ ചികിത്സാ ഫലം പ്രാരംഭ ഘട്ടത്തിലാണ്. കോവിഡ് ചികിത്സക്ക് ഇവ പൂർണമായി ഫലപ്രദമാണെന്ന് പറയാറായിട്ടില്ല. കൂടുതൽ ഗവേഷണങ്ങൾ നടന്നുവരികയാണ്. ഓരോ പരീക്ഷണ ഫലവും കൃത്യമായി വിലയിരുത്തേണ്ടതുണ്ട്.
നിലവിൽ 19 ആശുപത്രികളിലാണ് പ്ലാസ്മ ചികിത്സ നടത്തുന്നത്. മറ്റു ഏതാനും ആശുപത്രികൾകൂടി ഈ പരീക്ഷണത്തിന് മുന്നോട്ട് വന്നിട്ടുണ്ട്. ദാതാവിന്റെ ആരോഗ്യം, തൂക്കം എന്നിവക്കനുസരിച്ചാണ് പ്ലാസ്മ ശേഖരിക്കുക. സാധാരണ 400 മുതൽ 700 മില്ലീലിറ്റർ വരെ ശേഖരിക്കും. ഇവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്തിയതിന് ശേഷമാണ് ചികിത്സ നടക്കുക. രോഗിക്ക് പ്രതിദിനം ഒരുഡോസ് വീതം അഞ്ചുദിവസം അഞ്ചുഡോസാണ് നൽകിവരുന്നത്.