Sorry, you need to enable JavaScript to visit this website.

സാഫല്യം കോംപ്ലക്‌സും പാളയം മാര്‍ക്കറ്റും ഒരാഴ്ച അടച്ചിടുന്നു

തിരുവനന്തപുരം- കഴിഞ്ഞ ദിവസം കോവിഡ്19 പരിശോധനാഫലം പുറത്തു വന്നതോടു കൂടി തലസ്ഥാന ജില്ലയില്‍ അതീവജാഗ്രതയോടു കൂടി മുന്നോട്ടു പോകേണ്ട അവസ്ഥയാണ് വന്നിരിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.

പാളയം സാഫല്യം കോംപ്ലക്‌സില്‍ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്കു വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സാഫല്യം കോംപ്ലക്‌സും പാളയം മാര്‍ക്കറ്റും ഏഴ് ദിവസത്തേക്കു പൂര്‍ണമായും അടച്ചിടാന്‍ നിര്‍ദേശം നല്‍കിയതായി മേയര്‍ കെ. ശ്രീകുമാര്‍ അറിയിച്ചു.

പാളയം മാര്‍ക്കറ്റും പരിസരവും സാഫല്യം കോംപ്ലക്‌സുമെല്ലാം കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നാണു നേരത്തെ നിയന്ത്രണങ്ങളോടെ തുറക്കാന്‍ തീരുമാനിച്ചിരുന്ന പാളയം മാര്‍ക്കറ്റ് കൂടി 7 ദിവസത്തേക്ക് അടച്ചിടാന്‍ നഗരസഭ തീരുമാനിച്ചതെന്നു മേയര്‍ വ്യക്തമാക്കി.

പാളയം പരിസരത്തു വലിയ തിരക്ക് അനുഭവപ്പെടുന്ന കടകളും ഹോട്ടലുകളും ഏഴു ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കി. തെരുവോര കച്ചവടങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി. ഇവിടങ്ങളിലെ ചായ തട്ടുകളും അടഞ്ഞുകിടക്കും.

പാളയം മാര്‍ക്കറ്റില്‍നിന്ന് തുടങ്ങി, സാഫല്യം കോംപ്ലക്‌സ്, സെക്രട്ടേറിയറ്റ് പരിസരം, ആയുര്‍വേദ കോളജ് പരിസരം എന്നിവിടങ്ങളിലും വഞ്ചിയൂര്‍ വരെയും മേയറുടെ നേതൃത്വത്തില്‍ നഗരസഭയുടെ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ അണുനശീകരണം നടത്തി.

പാളയം വാര്‍ഡില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ആള്‍ക്കൂട്ടം കുറക്കുന്നതിനായി നേരത്തെ ചാല, പാളയം മാര്‍ക്കറ്റുകളിലും നഗരത്തിലെ മാളുകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമായി നഗരസഭ ഏര്‍പ്പടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് സമാനമായുള്ള നിയന്ത്രണങ്ങള്‍ നഗരത്തിലെ തിരക്കുള്ള മുഴുവന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലേക്കും മറ്റു മാര്‍ക്കറ്റുകളിലേക്കും വ്യാപിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു.

കോവിഡ് ചട്ടങ്ങള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കും. പതിനെട്ട് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളാക്കി. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ച വി.എസ്.എസ്.സി.യില്‍ കൂടുതല്‍ പേര്‍ക്ക് പരിശോധനകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

വ്യാപാര മേഖല കോവിഡ് ചട്ടങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കേണ്ടതുണ്ട്. മറ്റ് വ്യാപാര സമുച്ചയങ്ങള്‍ക്കും പ്രധാനപ്പെട്ട കടകളിലും ഒക്കെത്തന്നെ കര്‍ശനമായ നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം.

കോവിഡ് ചട്ടങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുന്ന നടപടികളിലേക്ക് പോകേണ്ടി വരുമെന്ന് നേരത്തെ സൂചിപ്പിച്ചതാണെന്നും മന്ത്രി പറഞ്ഞു.

 

Latest News