കുവൈത്ത് സിറ്റി- ജനുവരി രണ്ടിനും ഫെബ്രുവരി 29നും ഇടയില്‍ താമസാനുമതി അവസാനിച്ച വിദേശികള്‍ക്ക് താമസം നിയമവിധേയമാക്കാനോ പിഴയില്ലാതെ രാജ്യം വിടാനോ ആഭ്യന്തര മന്ത്രാലയം അവസരം നല്‍കുന്നു.
അടുത്ത ആഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. ഈ വിഭാഗത്തില്‍പെട്ട 15,000 പേരെ ശിക്ഷയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ ഇളവ് അനുസരിച്ച് ടൂറിസം, ഫാമിലി, സന്ദര്‍ശക വിസകളില്‍ എത്തി കാലാവധി കഴിഞ്ഞവര്‍ക്ക് രാജ്യം വിടാന്‍ ഓഗസ്റ്റ് 31 വരെ സാവകാശം ലഭിക്കും. അതല്ലെങ്കില്‍ പദവി മാറ്റി മറ്റു വിസകളിലേക്ക് മാറുകയും ചെയ്യാം.
ഇങ്ങനെ മാറുന്നവര്‍ക്ക് ഒരു വര്‍ഷ കാലാവധിയുള്ള വിസയാണ് നല്‍കുകയെന്നും മന്ത്രാലയം വിശദീകരിച്ചു. താമസ വിസ കാലാവധി കഴിഞ്ഞവരാണെങ്കില്‍ പുതുക്കാനും അവസരമുണ്ട്.
തിരിച്ചുപോകുന്നവര്‍ക്ക് നേരിട്ട് വിമാനത്താവളത്തിലെത്തി മടങ്ങാം. ഇവര്‍ക്ക് പുതിയ വിസയില്‍ രാജ്യത്തേക്ക് വരുന്നതിനും തടസമില്ല. ജനുവരി ഒന്നിനു മുമ്പ് നിയമലംഘകരായവര്‍ക്ക് ഈ ആനുകൂല്യം ലഭിക്കില്ല.