കൊച്ചി -നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 36 കോടി മുടക്കി സജ്ജീകരിച്ച അത്യാധുനിക റണ്‍വെ ലൈറ്റിംഗ്് സംവിധാനം പ്രവര്‍ത്തിച്ചുതുടങ്ങി. മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ ഉദ്്ഘാടനം ചെയ്തു.
ഏത് മോശം കാലാവസ്ഥയിലും പൈലറ്റിന് അതീവ സുരക്ഷിതമായി വിമാനം ലാന്‍ഡ് ചെയ്യിക്കാന്‍ പുതിയ സംവിധാനം സഹായിക്കും.
എയ്‌റോനോട്ടിക്കല്‍ ഗ്രൗണ്ട് ലൈറ്റിംഗ എന്ന റണ്‍വെയിലെ വെളിച്ച വിതാനത്തിന്റെ ഏറ്റവും ഉയര്‍ന്ന വിഭാഗമാണ് കാറ്റഗറി3. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂര്‍ വിമാനത്താവള റണ്‍വെക്ക് മാത്രമാണ് ഈ സംവിധാനമുണ്ടായിരുന്നത്. 124 കോടി മുടക്കി നടത്തിയ റണ്‍വെ പുനരുദ്ധാരണ പദ്ധതിയ്‌ക്കൊപ്പമാണ് 36 കോടി രൂപയുടെ ലൈറ്റിംഗ് നവീകരണം നിര്‍വഹിച്ചത്.
റണ്‍വെ, ടാക്‌സി വേ, ടാക്‌സി ലിങ്കുകള്‍, പാര്‍ക്കിംഗ് ബേ എന്നിവ മുഴുവനും ഏറ്റവും ആധുനികമായ ലൈറ്റിംഗ് സംവിധാനം ഘടിപ്പിച്ചതോടെ ശക്തമായ മഴ വന്നാലും പുക മഞ്ഞുള്ളപ്പോഴും പൈലറ്റിന് റണ്‍വേയും അനുബന്ധ പാതകളും വ്യക്തമായി കാണാന്‍ കഴിയും.
റണ്‍വെയുടെ മധ്യരേഖയില്‍ 30 മീറ്റര്‍ ഇടവിട്ടുള്ള ലൈറ്റിംഗ് 15 മീറ്റര്‍ ഇടവിട്ടാക്കിയിട്ടുണ്ട് . റണ്‍വെയുടെ അരികുകള്‍, വിമാനം ലാന്‍ഡ് ചെയ്യുന്ന ഭാഗത്തെ 900 മീറ്റര്‍ ദൂരം, റണ്‍വെ അവസാനിക്കുന്ന ഭാഗം, ടാക്‌സിവേ, അഞ്ച് ടാക്‌സിവേ ലിങ്കുകള്‍ എന്നിവയുടെ ലൈറ്റിങ് സംവിധാനം ആധുനികമാക്കി. കൂടാതെ ഏപ്രണിലെ മുഴുവന്‍ മേഖലയിലും മാര്‍ഗനിര്‍ദേശ ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ട്.