തിരുവനന്തപുരം- ജോസ് കെ മാണിയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയ ശേഷം മാത്രമേ അവരെ ഇടതുമുന്നണിയിൽ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് തീരുമാനിക്കൂവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജോസ് കെ മാണി വിഭാഗത്തെ കൂടെ കൂട്ടുന്നതുമായി ബന്ധപ്പെട്ട് ഇടതുമുന്നണിയിലെ മുഴുവൻ കക്ഷികളുടെയും യോജിച്ച തീരുമാനം എടുക്കും. ഇന്നത്തെ എൽ.ഡി.എഫിന് തന്നെ യു.ഡി.എഫിനെ പരാജയപ്പെടുത്താനുള്ള ശേഷിയുണ്ട്. സിപി.എമ്മിന് മാത്രം ജയിക്കാൻ ശേഷിയുണ്ടെങ്കിലും മുന്നണിയായി മാത്രമേ മത്സരിക്കൂ. മുന്നണിയെ സംബന്ധിച്ചുള്ള കാഴ്ചപ്പാട് അതായിരിക്കുമെന്നും കോടിയേരി പറഞ്ഞു. യു.ഡി.എഫിൽ കോൺഗ്രസും ലീഗും കഴിഞ്ഞാൽ ജനപിന്തുണയുള്ള പാർട്ടി കേരള കോൺഗ്രസാണ്. ഒറ്റയ്ക്ക് മത്സരിച്ചാൽ എത്ര സീറ്റ് കിട്ടുമെന്ന് എല്ലാവർക്കും അറിയാമെന്നും കോടിയേരി പറഞ്ഞു.