തിരുവനന്തപുരം- പരാജയ ഭീതിയാണ് ജാതി-മത കക്ഷികളുമായി ചേരാൻ കോൺഗ്രസിനെയും ലീഗിനെയും പ്രേരിപ്പിക്കുന്നതെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജമാഅത്തെ ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും കൂട്ടുകൂടിയാൽ അത് മതരാഷ്ട്ര സംഘങ്ങളുടെ മേധാവിത്വത്തിന് ഇടയാക്കുമെന്നും കോടിയേരി ചൂണ്ടിക്കാട്ടി. ജമാഅത്തെ ഇസ്ലാമിയോടും എസ്.ഡി.പി.ഐയോടും കൂട്ടുകൂടുന്നതിനെ സുന്നികളും മുജാഹിദ് വിഭാഗവും എതിർക്കുന്നുണ്ട്. ലീഗും ജമാഅത്തും തമ്മിലുള്ള കൂട്ടുകെട്ടിനെ അംഗീകരിക്കുന്നതിനെതിരെ സമസ്ത ശക്തമായ എതിർപ്പാണ് ഉയർത്തുന്നത്. ജമാഅത്തെ ഇസ്ലാമിക്കെതിരെ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച സംഘടനയായിരുന്നു മുസ്ലിം ലീഗ്. എസ്.ഡി.പി.ഐക്കെതിരെയും ലീഗ് ഈ നിലപാടിലായിരുന്നു. ഡോ. എം.കെ മുനീറിന്റെ നേതൃത്വത്തിൽ എസ്.ഡി.പി.ഐക്കെതിരെ ശക്തമായ ക്യാംപയിൻ ലീഗ് സംഘടിപ്പിച്ചിരുന്നു. ഇത് ലീഗ് മറന്നു. ഇന്ത്യയിലെ വ്യവസ്ഥ അനിസ്ലാമികമാണ് എന്ന് പറയുന്ന പ്രസ്ഥാനമാണ് ജമാഅത്ത്. ഈ കൂട്ടുകെട്ടിനെ എങ്ങിനെയാണ് കോൺഗ്രസിന് അനുകൂലിക്കാനാകുക. ഇത് കേരളത്തിലെ കോൺഗ്രസിന്റെ മാത്രം തീരുമാനമല്ല. ഇത് ദേശീയ തലത്തിൽ തന്നെയുള്ള തീരുമാനമാണ്. രാഹുൽ ഗാന്ധിയുടെയും എ.കെ ആന്റണിയുടെയും കെ.സി വേണുഗോപാലിന്റെയും അനുമതിയില്ലാതെ ഈ കൂട്ടുകെട്ട് നടക്കില്ല. ഈ കൂട്ടുകെട്ട് വരുന്നത് ശക്തമായ വർഗീയ ചേരിതിരിവിന് കേരളത്തിൽ വഴിയൊരുക്കും. മറുഭാഗത്ത് ആർ.എസ്.എസും ഹിന്ദുത്വധ്രുവീകരണത്തിന് വഴിയൊരുക്കുന്നു. ആർ.എസ്.എസിന്റെ നിലപാടിന് ശക്തിപകരുകയാണ് കോൺഗ്രസ് ചെയ്യുന്നത്. മുസ്്‌ലിം തീവ്രവാദ സംഘടനകളുമായുള്ള മുസ്്‌ലിം ലീഗിന്റെയും കോൺഗ്രസിന്റെയും നീക്കത്തിനെതിരെ മതനിരപേക്ഷ ശക്തികൾ മുന്നോട്ടുവരണം. ഇത്തരം കൂട്ടുകെട്ടുകൾക്കെതിരെ മതനിരപേക്ഷ കാഴ്ച്ചപ്പാടുള്ളവരെ പരമാവധി ഏകീകരിച്ച് ഈ വിപത്തിനെതിരെ രംഗത്തുവരണം. അടുത്ത തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-ലീഗ്-ജമാഅത്ത്-എസ്.ഡി.പി.ഐ കൂട്ടുകെട്ടിനെയും പരാജയപ്പെടുത്തണം എന്നാണ് എൽ.ഡി.എഫ് ആഗ്രഹിക്കുന്നത്. ആർ.എസ്.എസ് അജണ്ട നടപ്പാക്കാൻ അനുവദിക്കില്ല.
യു.ഡി.എഫ് ശക്തമായ പ്രതിസന്ധിയിലാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിനകത്ത് അന്തഛിദ്രമുണ്ടായി. യു.ഡി.എഫിൽ ആഭ്യന്തര സംഘർഷം നടക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് ജോസ് കെ മാണിയുമായുള്ള തർക്കം. ജോസ് കെ മാണിയെ പുറത്താക്കിയെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് മാറ്റിനിർത്തി എന്നാണ് പറഞ്ഞത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താം എന്നായിരുന്നു കരുതിയത്. എന്നാൽ ജോസ് കെ മാണി വിഭാഗത്തിന്റെ നിലപാട് യു.ഡി.എഫിനെ വെട്ടിലാക്കി. ചെന്നിത്തലയും ഘടകകക്ഷികളും കൂടി ഹെഡ്മാഷും കുട്ടികളും കളിക്കുകയാണ്. യു.ഡി.എഫ് ഭരിക്കുന്ന കാലത്ത് ലീഗായിരുന്നു ഭരണം നടത്തിയത്. അഞ്ചാം മന്ത്രി സ്ഥാനം ലീഗ് പിടിച്ചെടുക്കുകയാണ് ചെയ്തത്. തമ്മിലടി യു.ഡി.എഫിന്റെ സഹജസ്വഭാവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കാൻ പാർട്ടി ഘടകങ്ങളോട് ആഹ്വാനം ചെയ്തു. രാഷ്ട്രീയ സഹചര്യം ഇടതുമുന്നണിക്ക് അനുകൂലം. എല്ലാ രംഗത്തും വികസനം കൊണ്ടുവരാൻ ഇടതുമുന്നണിക്ക് സാധിച്ചു. ഇത് ഇടതുമുന്നണിയുടെ ജനപിന്തുണ വർധിപ്പിക്കാൻ സഹായിച്ചു. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങളിൽ തൊണ്ണൂറ് ശതമാനവും പൂർത്തിയാക്കി. സമൂഹത്തിലെ എല്ലാവർക്കും ഇതിന്റെ ഗുണം ലഭിച്ചു. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിയാണ് ഇടതുസർക്കാർ പ്രവർത്തിച്ചത്. പൊതുമേഖല സ്ഥാപനങ്ങൾ ലാഭകരമാക്കി. ഭദ്രമായ ക്രമസമാധാനം ഉറപ്പാക്കാൻ സഹായിച്ചു. യു.ഡി.എഫ് കാലത്ത് അസാധ്യം എന്ന് കരുതിയ പലതും നടപ്പാക്കാനായി. എൽ.ഡി.എഫ് സർക്കാറിനെ ജനം അംഗീകരിച്ചുവെന്നാണ് പാല, കോന്നി, വട്ടിയൂർകാവ് തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ സാധിച്ചത്. ഇത് യു.ഡി.എഫിനെ പരിഭ്രാന്തിയിലാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണെന്നും കോടിയേരി പറഞ്ഞു.