കൊച്ചി- നടി ഷംന കാസിമിനെ വിവാഹത്തട്ടിപ്പിൽ കുടുക്കാൻ ശ്രമിച്ച കേസിൽ തനിക്കു ബന്ധമില്ലെന്ന് ടിക് ടോകിൽ വീഡിയോ ചെയ്യുന്ന കാസർകോട് സ്വദേശി യാസിർ. ഇദ്ദേഹത്തിന്റെ ഫോട്ടോ കാണിച്ച്, അൻവർ എന്നു പറഞ്ഞാണ് ഇപ്പോൾ അറസ്റ്റിലുള്ള റഫീഖ് വിവാഹത്തട്ടിപ്പിന് ഒരുങ്ങിയത്.
ദുബായിൽ ഷൂ മൊത്തവ്യാപാര ബിസിനസ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യാസിർ കോവിഡ് ലോക്ഡൗണിനെ തുടർന്ന് നാലു മാസം മുൻപാണ് നാട്ടിലെത്തിയത്. യാസിറിനെ ചോദ്യം ചെയ്യുന്നതിന് വേണ്ടി പോലീസ് കൊച്ചിയിലേക്ക് വിളിപ്പിച്ചിരുന്നു. അൻവർ എന്ന ആളെ പരിചയമില്ലെന്നും യാസിർ പറയുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് ഒരു സിനിമാ നിർമാതാവിനെയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു. ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. വിവാഹത്തട്ടിപ്പു കേസിലെ പ്രതികൾ വീടു സന്ദർശിച്ചതിനു പിന്നാലെ ഈ നിർമാതാവ് വീട്ടിലെത്തിയതായി ഷംനയുടെ മൊഴിയിലുമുണ്ട്.