കോട്ടയം- ജോസ് കെ. മാണി എൽ.ഡി.എഫിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് പാലാ എം.എൽ.എ മാണി സി. കാപ്പൻ. പക്ഷേ പാലാ വിട്ടുകൊടുക്കാൻ തയാറല്ല. അങ്ങനെ എൽ.ഡി.എഫ് പറയുമെന്ന് കരുതുന്നില്ല. വർഷങ്ങളായി മത്സരിക്കുന്ന സീറ്റാണ് പാലാ. അവിടെ മറ്റൊരു ചരിത്രം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും കാപ്പൻ കോട്ടയത്ത് പറഞ്ഞു. ജോസ് പക്ഷം എൽ.ഡി.എഫിലേക്കെന്ന സൂചന വന്നതിനെ തുടർന്ന് കാപ്പൻ കഴിഞ്ഞ ദിവസം തിരുവനനന്തപുരത്ത് എത്തി മുഖ്യമന്ത്രിയെ സന്ദർശിച്ചതായി റിപ്പോർട്ടുണ്ടായിരുന്നു.
52 വർഷത്തിനു ശേഷം കടുത്ത പോരാട്ടം നടത്തിയാണ് താൻ പാലാ പിടിച്ചത്. ആ സീറ്റ് മാറികൊടുക്കാൻ എൽ.ഡി.എഫ് പറയുമെന്ന് വിചാരിക്കുന്നില്ല. മുന്നണി തീരുമാനം അന്തിമമായി അംഗീകരിക്കും. തന്നോടോ എൻ.സി.പിയോടോ ഇത്തരമൊരു കാര്യം ആരും ചർച്ച ചെയ്തിട്ടില്ല. ജോസ് പക്ഷം എൽ.ഡി.എഫിലേയ്ക്ക് വരുന്നുവെന്ന അഭ്യൂഹം മാധ്യമങ്ങളിൽ മാത്രമാണ് വരുന്നത്. എൽ.ഡി.എഫിലേയ്ക്ക് വന്നാലും ശക്തിയാകുമോ എന്നത് കണ്ടറിയണം. അദ്ദേഹത്തോടൊപ്പമുള്ള എത്രപേർ കൂടെയുണ്ടാകുമെന്നത് കാത്തിരുന്ന് കാണണം.
അതിനിടെ, ജില്ലയിൽ തങ്ങൾ കഴിഞ്ഞാൽ ഏറ്റവും സ്വാധീനമുള്ള പാർട്ടി ജോസ് കെ. മാണി വിഭാഗമാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ. കേരള കോൺഗ്രസിനെ തകർക്കുക എന്നതാണ് കോൺഗ്രസിന്റെ ആത്യന്തിക ലക്ഷ്യം. അത് ഇപ്പോൾ കേരള കോൺഗ്രസ് മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. കേരള കോൺഗ്രസ് ജോസ് വിഭാഗം വിട്ടുപോയത് ജില്ലയിൽ യു.ഡി.എഫിന്റെ തകർച്ചയ്ക്കു വഴിയൊരുക്കുമെന്നും വാസവൻ പറഞ്ഞു.
യു.ഡി.എഫിന് പ്രത്യേകിച്ച് കേരള കോൺഗ്രസ് ജോസ് വിഭാഗത്തിനാണ് ജില്ലയിൽ കുറെ സ്വാധീനമുള്ളത്. ഇക്കാര്യത്തിൽ പാർട്ടി സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നുമില്ല. ആ വിലയിരുത്തൽ വസ്തുതാപരമാണ്. മുന്നണിയിൽ വരുന്നതിനെക്കുറിച്ച് തീരുമാനം എടുക്കേണ്ടത് എൽ.ഡി.എഫ് മുന്നണി നേതൃത്വമാണ്. ജില്ലാ പഞ്ചായത്തിൽ പിന്തുണ നൽകുന്നതു തീരുമാനിക്കേണ്ടതും ഇടതുമുന്നണിയാണ്.