Sorry, you need to enable JavaScript to visit this website.

രോഗ വ്യാപന സാധ്യത അറിയാനുള്ള ആന്റിജെൻ പരിശോധന ഉടൻ തുടങ്ങും

മലപ്പുറം- രോഗവ്യാപന സാധ്യത അറിയുന്നതിനായുള്ള ആന്റിജെൻ പരിശോധന ഉടൻ തുടങ്ങുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.സക്കീന അറിയിച്ചു. 
10,000 പേരുടെ ആന്റിജെൻ പരിശോധന നടത്തുന്നതിനുള്ള പ്രവർത്തനം അടുത്ത ദിവസം തന്നെ തുടങ്ങും. അഞ്ച് വിഭാഗങ്ങളിലായാണ് 10,000 പേരുടെ സാമ്പിളുകൾ പരിശോധിക്കുന്നത്. ഒന്നാമത്തെ വിഭാഗത്തിൽ കണ്ടൈൻമെന്റ് സോണിലുള്ള ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് വിഭാഗം ജീവനക്കാർ, ആശ, അങ്കണവാടി പ്രവർത്തകർ, ആംബുലൻസ് ഡ്രൈവർമാർ തുടങ്ങിയവർ ഉൾപ്പെടും. 


കണ്ടൈൻമെന്റ് സോണിലുള്ള രോഗവ്യാപന സാധ്യത കൂടുതലുള്ള ആളുകളാണ് രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുന്നത്. ഇതിൽ ജനപ്രതിനിധികൾ, വളണ്ടിയർമാർ, ഭക്ഷണം വിതരണം ചെയ്യുന്നവർ, റേഷൻ കടക്കാർ, ഓട്ടോറിക്ഷ, ടാക്സി, ബസ് ജീവനക്കാർ, പോലീസുകാർ, മാധ്യമ പ്രവർത്തകർ, ബാങ്ക് ജീവനക്കാർ, പെട്രോൾ പമ്പ് ജീവനക്കാർ തുടങ്ങിയവർ ഉൾപ്പെടും. 
മൂന്നാമത്തെ വിഭാഗത്തിൽ ഗർഭിണികൾ, 60 വയസിന് മുകളിലുള്ളവർ, 10 വയസിന് താഴെയുള്ള കുട്ടികൾ, മറ്റ് രോഗങ്ങളുള്ളവരും നാലാമത്തെ വിഭാഗത്തിൽ അതിഥി തൊഴിലാളികളും ഉൾപ്പെടും. അഞ്ചാമത്തെ വിഭാഗത്തിൽ രോഗ ബാധിതരുമായി യാതൊരു തരത്തിലും ബന്ധപ്പെടാത്തവരും യാത്രകൾ നടത്തിയിട്ടില്ലാത്തവരും എന്നാൽ പോസിറ്റീവായ രോഗികളുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവരുമാണ്.
ഈ പ്രദേശങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരുടെ സ്രവ സാമ്പിളുകൾ പരിശോധനക്കായി എടുക്കാനുള്ള സൗകര്യം പൊന്നാനി താലൂക്ക് ആശുപത്രിയിൽ (പൊന്നാനി ടി.ബി ക്ലിനിക്ക്) പൂർത്തിയായി വരുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

 

Latest News